നാലാം മത്സരത്തിൽ ഇന്ത്യയെ 87 റൺസിന് തകർത്ത് ന്യൂസീലൻഡ്
ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയെ 87 റൺസിന് തകർത്ത് ന്യൂസീലൻഡ്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത് 259 റൺസടിച്ച കിവീസ്, ഇന്ത്യയെ ഒമ്പതു വിക്കറ്റിന് 172 റൺസിലൊതുക്കുകയായിരുന്നു. ഇതോടെ ഒരു മത്സരം ശേഷിക്കേ പരമ്പര 3-1 എന്ന നിലയിലായി. ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ച് ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
കിവീസ് ഉയർത്തിയ 260 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് കളിയുടെ ഒരു ഘട്ടത്തിൽ പോലും പൊരുതാനായില്ല. ജേക്കബ് ഡഫിയുടെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ സഞ്ജു സാംസൺ (4) രണ്ടാം പന്തിൽ തന്നെ വീണതോടെ ഇന്ത്യയുടെ തകർച്ച തുടങ്ങി. ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷനും (0) പുറത്തായതോടെ ഇന്ത്യ പതറി. ഇതോടെ സമ്മർദത്തിലായ അഭിഷേക് ശർമയ്ക്ക് പതിവ് ഫോമിലേക്കെത്താനുമായില്ല. 15 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 27 റൺസുമായി അഭിഷേക് അഞ്ചാം ഓവറിൽ മടങ്ങി. ആറാം ഓവറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (11 പന്തിൽ 22) പുറത്തായതോടെ പവർപ്ലേയിൽ ഇന്ത്യയ്ക്ക് നഷ്ടമായത് നാല് പ്രധാന വിക്കറ്റുകൾ.
ആ തകർച്ചയിൽ നിന്ന് പിന്നെ ഇന്ത്യയ്ക്ക് കരകയറാനായില്ല. നിതീഷ് കുമാർ റെഡ്ഡി (10 പന്തിൽ 21), തിലക് വർമ (35 പന്തിൽ 35), നമൻ ധീർ (13 പന്തിൽ 28), പ്രിൻസ് യാദവ് (17 പന്തിൽ 18) എന്നിവരുടെ സംഭാവനകൾ തോൽവി ഭാരം കുറയ്ക്കാനേ ഉപകരിച്ചുള്ളൂ.
