'നോട്ട്ബുക്ക്' ആഘോഷം, വാക്കേറ്റം; അച്ചടക്കലംഘനം തുടർക്കഥ, ലഖ്നൗ താരം ദിഗ്‌വേഷ് രാത്തിക്ക് വിലക്ക്
തുടര്‍ച്ചയായ പെരുമാറ്റച്ചട്ട ലംഘനത്തെ തുടര്‍ന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദിഗ്‌വേഷ് രാത്തിയെ ഒരു മത്സരത്തില്‍നിന്ന് വിലക്കി ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍. വിക്കറ്റ് നേടിയ ശേഷം അതിരുവിട്ട ആഘോഷം നടത്താറുള്ള ദിഗ്‌വേഷിന് ഈ സീസണില്‍ നേരത്തെ രണ്ടു മത്സരങ്ങളില്‍ മുന്നറിയിപ്പും പിഴയും ലഭിച്ചിരുന്നു. സണ്‍റേസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിലും മോശം പെരുമാറ്റം ആവര്‍ത്തിച്ചതോടെയാണ് താരത്തെ ഒരു മത്സരത്തില്‍നിന്ന് വിലക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞദിവസം ഹൈദരാബാദ് താരം അഭിഷേക് ശര്‍മയുമായി താരം ദിഗ്‌വേഷ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അമ്പയര്‍മാരും കളിക്കാരും ഇടപെട്ടാണ് താരത്തെ പിടിച്ചുമാറ്റിയത്.
ഇതോടെ ഈ സീസണില്‍ മൂന്നാം തവണയും ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ദിഗ്വേഷ് കുറ്റക്കാരനാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) കണ്ടെത്തി. അതിനാല്‍, ദിഗ്‌വേഷിന് മാച്ച് ഫീസിന്റെ 50 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. ഇതോടെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ലഖ്‌നൗവിന്റെ അടുത്ത മത്സരത്തില്‍ ദിഗ്‌വേഷിന് കളിക്കാനാകില്ല.
നേരത്തേ പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കെതിരായ മത്സരത്തിനിടയിലും താരം അച്ചടക്ക ലംഘനം നടത്തിയിരുന്നു.
ഐപിഎല്‍ പെരുമാറ്റച്ചട്ട നിയമപ്രകാരം ലെവല്‍ 1 കുറ്റം ആവര്‍ത്തിച്ചതോടെയാണ് വിലക്ക് വന്നത്. മൂന്ന് മത്സരങ്ങളിലായി മൊത്തം മൊത്തം അഞ്ച് ഡീമെറിറ്റ് പോയന്റ് ലഭിച്ചതോടെയാണ് വിലക്ക് വന്നത്. ദിഗ്‌വേഷിനൊപ്പം വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട അഭിഷേക് ശര്‍മയ്ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ.
അഭിഷേക് ശര്‍മയെ പുറത്താക്കിയ ശേഷമാണ് മുമ്പും വിവാദമായ 'നോട്ട്ബുക്ക്' ആഘോഷം ദിഗ്‌വേഷ് നടത്തിയത്. അഭിഷേകിനോട് കയറിപ്പോകാന്‍ പറയുന്ന ആംഗ്യവും ദിഗ്‌വേഷ് കാണിച്ചു. ഇതോടെ അഭിഷേകും പ്രതികരിച്ചു. ഇരുവരും പരസ്പരം എന്തൊക്കെയോ പറഞ്ഞുകൊണ്ട് ക്ഷുഭിതരായി നടന്നടുത്തു. ഒടുവില്‍ അമ്പയര്‍മാരും സഹതാരങ്ങളും ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ദിഗ്‌വേഷിന്റെ മുടിയില്‍ പിടിച്ചുവലിക്കുമെന്ന് ആംഗ്യം കാണിച്ചാണ് അഭിഷേക് മടങ്ങിയത്.

