നാലാം റാങ്കിം​ഗിൽ നിന്ന് ഒന്നിലേക്ക് തിരിച്ചെത്തി നൊവാക് ജ്യോക്കോവിച്ച്

 | 
djoco

ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയതിന് പിന്നാലെ പുരുഷ ടെന്നീസ് വ്യക്തിഗത റാങ്കിങ്ങിലെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് സെർബിയൻ ഇതിഹാസം നോവാക് ജോക്കോവിച്ച്. 35 കാരനായ ജോക്കോവിച്ച് നാലാം സ്ഥാനത്തുനിന്നാണ് ഒന്നാം റാങ്കിലേക്ക് ഉയർന്നത്.

നിലവിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന സ്‌പെയിനിന്റെ കാർലോസ് അൽകാരസ് രണ്ടാം സ്ഥാനത്തേക്ക് വീണു. പരിക്കുമൂലം താരം ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുത്തിരുന്നില്ല. ഫൈനലിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകർത്താണ് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയത്.

ജോക്കോവിച്ചിന്റെ കരിയറിലെ 10-ാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവും 22-ാം ഗ്രാൻഡ്സ്ലാം കിരീടവുമാണിത്. തോറ്റെങ്കിലും സിറ്റ്‌സിപാസ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം റാങ്കിലെത്തി. കാസ്പർ റൂഡാണ് നാലാമത്. റഷ്യയുടെ ആന്ദ്രെ റുബലേവ് അഞ്ചാം സ്ഥാനത്താണ്.

എന്നാൽ സ്പാനിഷ് ഇതിഹാസം നദാലിന് റാങ്കിങ്ങിൽ തിരിച്ചടി നേരിട്ടു. രണ്ടാം റാങ്കിലുണ്ടായിരുന്ന നദാലിന് നാല് സ്ഥാനങ്ങൾ നഷ്ടപ്പെട്ടു. നിലവിൽ താരം ആറാം സ്ഥാനത്താണ്. ഓസ്‌ട്രേലിയൻ ഓപ്പണിൽ നദാൽ രണ്ടാം റൗണ്ടിൽ പുറത്തായിരുന്നു.