ഇനി 'വന്‍മതില്‍' വഴികാട്ടും; രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകന്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തുന്നു. വെള്ളിയാഴ്ച നടന്ന ഐപിഎല്‍ ഫൈനലിന് ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായുമായി നടത്തിയ ചര്‍ച്ചയില്‍ ദ്രാവിഡ് സമ്മതമറിയിക്കുകയായിരുന്നു. നേരത്തേ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ തൊപ്പിയണിഞ്ഞിട്ടുള്ള ദ്രാവിഡ് നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ്.
ഈ മാസം യുഎഇയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ നിലവിലെ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി സ്ഥാനമൊഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ബിസിസിഐ പുതിയ കോച്ചിനെ തേടിയത്. വിദേശ പരിശീലകന്‍ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ക്രിക്കറ്റ് ബോര്‍ഡ്. ചര്‍ച്ചയില്‍ ഗാംഗുലിയുടെയും ജയ് ഷായുടെയും നിര്‍ബന്ധത്തിന് വഴങ്ങി ദ്രാവിഡ് സമ്മതം മൂളുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടു വര്‍ഷത്തേക്കായിരിക്കും കരാര്‍ എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2016, 2017 വര്‍ഷങ്ങളിലും ബിസിസിഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നെങ്കിലും ദ്രാവിഡ് നിരസിക്കുകയായിരുന്നു. ജൂലൈയില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായിരുന്നു.