മൂന്ന് മാസം നിരീക്ഷിക്കട്ടെ; എല്ലാം പൊസിറ്റീവായി വരും: സെർജിയോ അ​ഗ്യൂറോ

 | 
SERGIO AGUERO

കളിക്കളത്തിൽ നിന്നും വിരമിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ബാഴ്സലോണ താരം സെർജിയോ അ​ഗ്യൂറോ. ക്ലബ്ബിന്റെ ​ഡോക്ടറുടെ നിർദേശങ്ങൾ താൻ പിൻതുടരുകയാണെന്നും ടെസ്റ്റുകളും ചികിത്സകളും നടത്തുന്നുണ്ടെന്നും ഒരു നി​ഗമനത്തിലെത്താൻ 90 ദിവസം വേണ്ടിവരുമെന്നും അ​ഗ്യൂറോ ട്വീറ്റ് ചെയ്തു. എല്ലാം പൊസിറ്റീവായി വരുമെന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. 

 

ഇന്നലെയാണ്  ബാഴ്സലോണയുടെ അർജന്റീനിയൻ താരം സെർജിയോ അ​ഗ്യൂറോക്ക് ഇനി ഫുട്ബോൾ കളിക്കാനാവില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നത്.  ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരത്തോ‌ട് ഇനി ഫുട്ബോൾ കളിക്കരുതെന്നാണ് വിദ്​ഗദ പരിശോധനക്ക് ശേഷം മെഡിക്കൽ സംഘം നിർ‍ദേശിച്ചിരുന്നു. ഇതേ തുടർന്ന് താരം ഫുട്ബോളിൽ നിന്നും വിരമിക്കനായി ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തേയും ഉയർന്ന ​ഗോൾ സ്കോററായ അ​ഗ്യൂറോ ഈ സീസണിലാണ് ക്ലബ്ബുവിട്ട് ഫ്രീ ഏജന്റായി ബാഴ്സയിൽ ചേർന്നത്. അലാവേസിനെതിരെ, ബാഴ്സക്കു വേണ്ടി ആദ്യമായി പ്ലെയിം​ഗ് ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ തന്നെ അദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ വരികയും കളിക്കളത്തിൽ നിന്നും പുറത്തു പോകുകയും ചെയ്തിരുന്നു. പിന്നീട് നടന്ന പരിശോധനകളെ തുടർ‍ന്നാണ് ഇത്തരമൊരു നിർ​ദേശം ഡോക്ടർമാർ നൽകിയത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വിചാരിച്ചതിലും വലുതാണെന്നും തുടർന്ന് കളത്തിലിറങ്ങുന്നത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും ഡോക്ടർമാർ പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

അത്‍ലറ്റിക്കോ ഇന്റിപെന്റിയന്റെയിലൂടെ കളി തു‌ടങ്ങിയ അ​ഗ്യൂറോ 2006ൽ അത്‍ലറ്റിക്കോ മാഡ്രിഡിൽ എത്തി. 175 മത്സരങ്ങളിൽ നിന്നായി 74 ​ഗോളുകൾ നേടി. പിന്നീട് 2011ൽ മാഞ്ചസ്റ്റർ സിറ്റിയിൽ. സ്ക്കൈ ബ്ലൂ ജേഴ്സിയിൽ 275 മത്സരങ്ങൾ 184 ​ഗോളുകൾ. ക്ലബ്ബിന്റെ എക്കാലത്തേയും മികച്ച ​ഗോൾ സ്കോറർ. അർജന്റീനക്കായി 101 മത്സരങ്ങൾ കളിച്ച അ​ഗ്യൂറോ 41 ​ഗോളുകളും നേടി.