ഓലെ ഗുണ്ണര്‍ സോള്‍ഷ്യര്‍ പടിയിറങ്ങുന്നു; യുണൈറ്റഡിന് ഇനി ആര് കിരീടം നേടിക്കൊടുക്കും.

 | 
ole gunner

തുടര്‍ച്ചയായ പരാജയങ്ങള്‍ ഒരു മാനേജറുടെ കൂടി പണി തെറുപ്പിച്ചിരിക്കുന്നു. എല്ലാവരും പ്രതീക്ഷിച്ച പോലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ സ്ഥാനത്തു നിന്നും മുന്‍ ക്ലബ് കളിക്കാരന്‍ കൂടിയായ സോള്‍ഷ്യറെ മാറ്റിയിരിക്കുന്നു. ഇനി ക്ലബ്ബിലേക്ക് ആരുവരും എന്നതാണ് വലിയ ചോദ്യം. കഴിഞ്ഞ ശനിയാഴ്ച്ചത്തെ കളിയില്‍ വാറ്റ്‌ഫോഡിനോട് ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തോറ്റതോടെ സോള്‍ഷ്യര്‍ പുറത്തു പോകും എന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. കളി തോറ്റതിനേക്കാള്‍ തോറ്റ രീതിയാണ് ആരാധകരേയും മാനേജ്‌മെന്റിനേയും ചൊടിപ്പിക്കുന്നത്. 

ക്രിസ്റ്റ്യനോ റൊണാള്‍ഡോ ഈ സീസണില്‍ വന്നിട്ടും ടീമിനെ രക്ഷപെടുത്താന്‍ പറ്റുന്നില്ല എന്നതാണ് സത്യം. ലിവര്‍പൂളിനോട് ഏറ്റ 5-0 തോല്‍വിയാണ് സോള്‍ഷ്യറുടെ സ്ഥിതി മോശമാക്കിയത്. അന്നേ പുറത്താകും എന്ന് ഏവരും കരുതിയതാണ്. എന്നാലും അദേഹം തുടര്‍ന്നു. പിന്നാലെ സിറ്റിയോട് ഏറ്റ തോല്‍വിയും അന്നത്തെ കളിയും പ്രശ്‌നം ഗുരുതരമാക്കി. ഇന്റര്‍നാഷ്ണല്‍ ബ്രേക്കിന് ശേഷമുള്ള ആദ്യമത്സരത്തില്‍ വാറ്റ്ഫോഡിനോട് കൂടി തോറ്റതോടെ മാനേജ്‌മെന്റിന് വേറെ വഴിയില്ലാതായി. 


ഇനി ഇദേഹത്തിന് പകരം ആരായിരിക്കും വരിക എന്നതും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സംബന്ധിച്ചിത്തോളം പ്രധാനമാണ്. സിദാന്‍ വരും എന്ന അഭ്യൂഹം കേട്ടിരുന്നെങ്കിലും അദേഹം ആ വാര്‍ത്ത തള്ളിയിട്ടുണ്ട്. ഏറെക്കാലം ഇംഗ്ലണ്ടിലേയും മാഞ്ചസ്റ്ററിലേയും അധിപനായി വാണ ക്ലബ്ബ് ഇപ്പോള്‍ രണ്ടിടത്തും പിന്നിലാണ്. ഒരു കീരിടം ഓള്‍ട്രഫോഡിലെത്തിയിട്ട് ഏറെ നാളായി. 2017ലെ യൂറോപ്പ കപ്പിന് ശേഷം അവിടേക്ക് കീരിടങ്ങള്‍ ഒന്നും വന്നിട്ടില്ല എന്നത് യുണൈറ്റഡ് ആരാധകനെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമാണ്.