ഒളിമ്പിക്‌സ് താരം സജന്‍ പ്രകാശിന് സ്ഥാനക്കയറ്റം നല്‍കി പോലീസ്

 | 
Sajan
ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത നീന്തല്‍ താരം സജന്‍ പ്രകാശിന് സ്ഥാനക്കയറ്റം

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത നീന്തല്‍ താരം സജന്‍ പ്രകാശിന് സ്ഥാനക്കയറ്റം നല്‍കി കേരള പോലീസ്. അസിസ്റ്റന്റ് കമാന്‍ഡന്റായാണ് സ്ഥാനക്കയറ്റം. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്നു സജന്‍ പ്രകാശ്. ടോക്യോ ഒളിമ്പിക്‌സ് നീന്തലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സജന് പക്ഷേ മെഡല്‍ നേടാനായിരുന്നില്ല. 

പുരുഷ വിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഹീറ്റ്‌സില്‍ നാലാമതായാണ് സജന്‍ ഫിനിഷ് ചെയ്തത്. 1:57:22 എന്ന സമയത്തിലായിരുന്നു ഇത്. സെമി പ്രവേശനത്തിനുള്ള സമയം കുറിക്കാന്‍ കഴിയാതിരുന്നത് മൂലമാണ് മെഡല്‍ പ്രതീക്ഷ പൊലിഞ്ഞത്. ആദ്യ 16 പേര്‍ക്ക് മാത്രമാണ് സെമിയിലേക്ക് അവസരം. എന്നാല്‍ സജന് 24-ാം സ്ഥാനമാണ് ലഭിച്ചത്. ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ 1:56:38 എന്ന സമയത്തില്‍ സജന്‍ ഫിനിഷ് ചെയ്തിരുന്നു. 

2019 ആഗസ്റ്റില്‍ ലോക പൊലീസ് മീറ്റിന് തൊട്ടുമുന്‍പാണ് സജന്‍ പോലീസില്‍ ചേര്‍ന്നത്. മൂന്ന് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി സ്‌പെഷല്‍ ആംഡ് പൊലീസില്‍ ഇന്‍സ്‌പെക്ടറായി സര്‍വീസില്‍ പ്രവേശിക്കുകയായിരുന്നു.