ടോക്കിയോവിൽ ഇന്ത്യൻ ചരിത്രം , ജാവലിൻ ത്രോയിൽ നീരജ് ചോപ്രക്ക് സ്വർണ്ണം
നീരജ് ചോപ്രയിലൂടെ ഒളിമ്പിക്സിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം. ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ അത്‍ലറ്റിക്സ് സ്വർണ്ണമാണ് നീരജ് ചോപ്ര എന്ന ഇരുപത്തിമൂന്നുകാരനിലൂടെ ലഭിച്ചത്. ജാവലിൻ ത്രോയിൽ 87.58 മീറ്റർ എറിഞ്ഞാണ് നീരജ് രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയത്. ബെയ്ജിംഗ് ഒളിമ്പിക്സിലെ അഭിനവ് ബിന്ദ്രയുടെ സ്വർണ്ണ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യക്ക് ഒളിമ്പിക്സ് സ്വർണ്ണം ലഭിക്കുന്നത്. ഷൂട്ടിങ്ങിലായിരുന്നു അഭിനവ് ബിന്ദ്രക്ക് സ്വർണ്ണം ലഭിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം അത്‍ലറ്റ്ക്സിൽ ഇന്ത്യൻ താരങ്ങൾക്ക് സ്വർണ്ണം നേടാൻ കഴിഞ്ഞിട്ടില്ല.
അത്‌ലറ്റിക്‌സിൽ ഇന്ത്യ 1900-ൽ മെഡൽ നേടിയിട്ടുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് വേണ്ടി അന്ന് മത്സരിച്ചത് ഒരു ബ്രിട്ടീഷ് താരമാണ്. നോർമൻ പ്രിച്ചാർഡ്. ഇന്ത്യ അന്ന് ബ്രിട്ടീഷ് കോളനിയായിരുന്നു. 1900 ജൂലായ് 22 ന് 200 മീറ്റർ ഓട്ടത്തിലും ഹർഡിൽസിലും വെള്ളിമെഡലാണ് പ്രിച്ചാർഡ് സ്വന്തമാക്കിയത്.
മത്സരത്തിലെ ആദ്യ ശ്രമത്തിൽ തന്നെ 87.03 മീറ്റർ എറിഞ്ഞ് നീരജ് പന്ത്രണ്ടുപേരിൽ ആദ്യ സ്ഥാനക്കാരനായി. രണ്ടാം ശ്രമത്തിൽ 87. 58മീറ്റർ എറിഞ്ഞു തന്റെ പ്രകടനം മെച്ചപ്പെടുത്തി. എന്നാൽ മൂന്നാം ശ്രമത്തിൽ 76. മീറ്റർ മാത്രമെ നീരജിന് കണ്ടെത്താനായുള്ളൂ. നീരജിന് ഭീഷണിയാവും എന്നു പ്രതീക്ഷിച്ച ലോക ചാമ്പ്യൻ ജോഹന്നാസ് വെറ്ററിന് വലിയ വെല്ലുവിളി ഉയർത്താനായില്ല. മൂന്നാം ശ്രമത്തിന് ശേഷം വെറ്റർ പുറത്തായി. നീരജിന്റെ നാലാമത്തേയും അഞ്ചാമത്തേയും ശ്രമം ഫൗളായിരുന്നു.
ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിൽ ആദ്യ ശ്രമത്തിൽ തന്നെ 86.65 മീറ്റർ കണ്ടെത്തിയാണ് നീരജ് ഫൈനൽ ഉറപ്പാക്കിയത്. 83 മീറ്ററാണ് ഫൈനലിലേയ്ക്കുള്ള യോഗ്യതാമാർക്ക്. അണ്ടർ 20 ലോകചാംപ്യനും ഏഷ്യൻ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണിൽ നീരജിന്റെ മികച്ച ദൂരം
പതിനാറാം വയസിലാണ് പാനിപ്പത്തിൽ നിന്നുള്ള ഈ ചെറുപ്പക്കാരൻ ജാവലിൻ ത്രോയിലേക്ക് തിരിയുന്നത്. ഹരിയാനയിൽ നടന്ന ഒരു ജാവലിൻ മത്സരം കണ്ടതിലൂടെയാണ് നീരജിന്റെ ശ്രദ്ധ ഇതിൽ പതിയുന്നത്. ടോക്കിയോവിൽ സ്വർണ്ണം നേടുന്നത് സ്വപ്നം കണ്ടു നടന്ന യുവാവിന്റെ ആഗ്രഹം ഒടുവിൽ സഫലമായിരിക്കുന്നു. കോമൺവെൽത്ത് ഗെയിമിലും ഏഷ്യൻ ഗെയിംസിലും ജാവലിൻ ത്രോയിൽ സ്വർണ്ണം നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര. ഇപ്പോൾ ഒളിമ്പിക്സ് സ്വർണ്ണം കൂടി നേടി രാജ്യത്തെ ഏക്കാലത്തേയും മികച്ച അത്‍ലറ്റുകളിൽ ഒരാളായി മാറി.