പാരാലിമ്പിക്‌സ്; ബാഡ്മിന്റണില്‍ പ്രമോദ് ഭഗതിന് സ്വര്‍ണ്ണം; മനോജ് സര്‍ക്കാരിന് വെങ്കലം

പുരുഷ സിംഗിള്‍സിലാണ് ചരിത്ര നേട്ടം
 | 
Paralympics
പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണം

പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണം. എസ്എല്‍ 3 വിഭാഗത്തില്‍ ഇന്ത്യയുടെ പ്രമോദ് ഭഗത് സ്വര്‍ണ്ണം നേടി. പുരുഷ സിംഗിള്‍സിലാണ് ചരിത്ര നേട്ടം. ബാഡ്മിന്റണില്‍ ഇന്ത്യ ആദ്യമായാണ് സ്വര്‍ണ്ണം നേടുന്നത്. ഈ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് പ്രമോദ്. 45 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ബ്രിട്ടന്റെ ഡാനിയല്‍ ബെതെലിനെ 21-14, 21-17 എന്ന സ്‌കോറിനാണ് പ്രമോദ് പരാജയപ്പെടുത്തിയത്. 

ഒഡിഷ സ്വദേശിയാണ് പ്രമോദ്. ചെറുപ്പത്തില്‍ പോളിയോ ബാധിച്ച് ഇടതു കാലിന്റെ സ്വാധീനം കുറഞ്ഞ പ്രമോദ് ബാഡ്മിന്റണില്‍ മൂന്ന് തവണ ലോക ചാംപ്യനായിട്ടുണ്ട്. ലോക രണ്ടാം നമ്പര്‍ താരമാണ് പ്രമോദിനോട് പരാജയപ്പെട്ട ഡാനിയല്‍ ബെതെല്‍.

ഇന്ത്യയുടെ മനോജ് സര്‍ക്കാര്‍ ഈ വിഭാഗത്തില്‍ വെങ്കലം നേടി. ജപ്പാന്റെ ദയ്സുകെ ഫുജിഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് മനോജ് സര്‍ക്കാര്‍ വെങ്കലം സ്വന്തമാക്കിയത്. സ്‌കോര്‍ 22-20, 21-13. ഇതോടെ ടോക്യോ പാരാലിമ്പിക്സില്‍ നാല് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 17 ആയി. നിലവില്‍ 25-ാം സ്ഥാനത്താണ് ഇന്ത്യ.