ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ ഉറപ്പിച്ച് സിന്ധു ഫൈനലില്‍; ഫൈനല്‍ ഇന്ന് വൈകിട്ട് 7.30ന്
റിയോ ഡീ ജനീറ: സാക്ഷി മാലിക്കിന്റെ വെങ്കല മെഡല് നേട്ടത്തിന് ശേഷം ഒളിമ്പിക്സില് ഒരു വെള്ളിമെഡല് കൂടി ഉറപ്പാക്കി ഇന്ത്യയുടെ പിവി സിന്ധു ബാഡ്മിന്റണ് ഫൈനലിലത്തെി. വാശിയേറിയ പോരാട്ടത്തിനൊടുവില് ജപ്പാന്റെ ഒക്കുഹാരയെയാണ് സിന്ധു തോല്പ്പിച്ചത്. ആദ്യ സെറ്റില് 21-19 എന്ന സ്കോറിന് മുന്നിട്ട് നിന്ന സിന്ധു തൊട്ടടുത്ത സെറ്റില് 21 -10 ലീഡ് നേടിയാണ് രാജ്യത്തിന് വെള്ളിമെഡല് ഉറപ്പാക്കി ഫൈനലിലെത്തിയത്. ഇന്ന് വൈകിട്ട് ഇന്ത്യന് സമയം 7.30ന് നടക്കുന്ന ഫൈനലില് സിന്ധു ലോക ഒന്നാം നമ്പര് താരം സ്പെയിന്റെ കരോലിന മാറിനോട് മത്സരിക്കും.
ഓരോ ചുവടിലും എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. അവസാനമില്ലാത്ത ആരവങ്ങള്‍ സാക്ഷിയാക്കി ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് നൂറ് മേനി മികവോടെ സിന്ധു വെള്ളി ഉറപ്പിക്കുകയായിരുന്നു. ഇതോടെ, നിരാശയുടെ ദിനങ്ങള്‍ക്ക് അവധി കൊടുത്തുകൊണ്ട് സാക്ഷി മാലിക്കിനൊപ്പം റിയോയയില്‍ സിന്ധുവും ചരിത്രം രചിക്കുകയാണ്. നിറഞ്ഞുകവിഞ്ഞ ബാഡ്മിന്റണ്‍ വേദിയില്‍ ആര്‍പ്പുവിളികളോടെയാണ് താരത്തിന്റെ പ്രകടനത്തെ കാണികള്‍ നെഞ്ചേറ്റിയത്. നാളെ വൈകിട്ട് 7.30 നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ സ്പെയിന്റെ ലോക ഒന്നാം നമ്പര് താരം കരോലിന മാരിനോടാണ് സിന്ധു ഏറ്റുമുട്ടുക.
അതിശയകരമായ ഫോമില്‍ ജപ്പാന്‍ താരത്തെ വിറപ്പിച്ച ആ മാന്ത്രിക ചുവടുകള്‍ക്ക് നാളത്തെ സന്ധ്യ സ്വര്‍ണത്തിക്കത്തിളക്കത്തിന്റെത് തന്നെയാകുമെന്ന് ഇന്ത്യന്‍ കായിക ലോകം പ്രതീക്ഷിക്കുന്നു.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ബോക്സിങ് താരം മേരി കോം തുടങ്ങി നിരവധി പ്രമുഖര്‍ സിന്ധുവിനെ അഭിനന്ദിച്ച് രംഗത്തെത്തി. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പല പ്രമുഖരും സിന്ധുവിനെ അഭിനന്ദിച്ച് സന്ദേശങ്ങള്‍ കുറിച്ചത്.