പാരാലിമ്പിക്സ്: ഇന്ത്യക്ക് ഹൈജംപില്‍ സ്വര്‍ണവും വെള്ളിയും
റിയോ: ബ്രസീല്‍ തലസ്ഥാനത്ത് നടക്കുന്ന പാരാലിമ്പിക്സ് പുരുഷന്മാരുടെ ഹൈജംപില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും ലഭിച്ചു. 1.89 മീറ്റര്‍ ഉയരത്തില്‍ ചാടിയ മാരിയപ്പന് തങ്കവേലു സ്വര്‍ണം നേടിയപ്പോള്‍ 1.86 മീറ്ററോടെ വരുണ്സിംഗ് ഭാട്ടി വെള്ളി മെഡല്‍ നേടി. ഇവരുടെ നേട്ടത്തോടെ ഇന്ത്യ ഇന്നലെ മെഡല്‍പ്പട്ടികയില്‍ സ്ഥാനം പിടിച്ചു. അമേരിക്കയുടെ സാം ഗ്രൂവിനാണ് വെങ്കലം. ശാരീരിക പരിമിതിയുള്ളവര്‍ക്കായി ഒളിമ്പിക്സിന് തുല്യമായി നടത്തുന്നതാണ് പാരാലിമ്പിക്സ്.
ഈ നേട്ടത്തോടെ 20കാരനായ തങ്കവേലു രാജ്യത്തിനുവേണ്ടി ആദ്യമായി പാരാലിമ്പിക്സ് ഹൈജംപില്‍ സ്വര്‍ണം നേടുന്ന വ്യക്തിയെന്ന ബഹുമതിക്കര്‍ഹനായി. ഇന്ത്യയുടെ മൂന്നാമത് പാരാലിമ്പിക്സ് സ്വര്‍ണ മെഡല്‍ നേട്ടമാണിത്. നേരത്തെ 1972ല്‍ മുരളീകാന്ത് പെട്കര്‍ നീന്തലിലും 2004ല്‍ ദേവാനന്ദ് ജജാരിയ ജാവലിന്‍ ത്രോയിലും സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് പാരാലിമ്പിക്സില്‍ മൂന്ന് സ്വര്‍ണമടക്കം ആകെ 10 മെഡലായി. നേരത്തെ ഇന്ത്യക്കായി എച്ച്എന്‍ ഗിരീഷ് ഹൈജംപില്‍ വെള്ളിമെഡല്‍ നേടിയിട്ടുണ്ട്.
തമിഴ്നാട്ടിലെ സേലത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള പെരിയവാദഗംപെട്ടിയെന്ന ഗ്രാമത്തില്‍ ജനിച്ച മാരിയപ്പന് അഞ്ചാം വയസിലുണ്ടായ ബസ് അപകടത്തിലാണ് കാലിന് ഗുരുതരമായി പരുക്കേറ്റ് അംഗഭംഗം വന്നത്. എന്നാല്‍ ശാരീരികമായ പരിമിതികളെ വകവയ്ക്കാതെ കായികരംഗത്ത് മാരിയപ്പന് ശക്തമായ സാന്നിധ്യമാകുകയായിരുന്നു. ഇതിനിടെ നടന്ന പ്രധാനപ്പെട്ട ഒരു ഹൈജംപ് മത്സരത്തില്‍ പങ്കെടുത്ത മാരിയപ്പന് ശാരീരിക പരിമിതകളില്ലാത്തവര്ക്കൊപ്പം മത്സരിച്ച് രണ്ടാം സ്ഥാനം നേടിയത് എല്ലാവരെയും അമ്പരപ്പിച്ചു. അതിനുശേഷം മാരിയപ്പന്റെ കരിയറില്‍ വെച്ചടി കയറ്റമായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ വരുണ്സിംഗ് ഭാട്ടിയയെന്ന 21കാരന് വളരെ ചെറുപ്പത്തിലെ തന്നെ പോളിയോ ബാധിതനായിരുന്നു.