യോഗേശ്വര്‍ ദത്തിന്റെ 2012 ഒളിമ്പിക്‌സ് വെങ്കല മെഡല് വെള്ളി മെഡലായി ഉയര്‍ത്തിയേക്കും
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സില് നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന് ഗുസ്തി താരം യോഗേശ്വര് ദത്തിനെക്കാത്ത് മറ്റൊരു സന്തോഷ വാര്ത്ത. 2012ലെ ഒളിമ്പിക്സില് ദത്ത് നേടിയ വെങ്കല മെഡല് വെള്ളി മെഡലായി ഉയര്ത്താന് സാധ്യതയുണ്ടെന്ന് റിപ്പോര്ട്ട്. അന്ന് വെള്ളി മെഡല് നേടിയ റഷ്യയുടെ ബെസിക് കുഡുക്കോവ് ലഹരിമരുന്ന് ഉപയോഗിച്ചതായി ഈയിടെ തെളിഞ്ഞതിനെത്തുടര്‍ന്നാണിത്.
എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം 2003ല്‍ ഒരു കാറപകടത്തില്‍ മരിച്ച കുഡുക്കോവിന്റെ രക്തസാമ്പിള്‍ പരിശോധനയില്‍ അദ്ദേഹം നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് ലോക ഉത്തേജക വിരുദ്ധ സമിതി കണ്ടെത്തിയതായി റഷ്യന്‍ ഏജന്‍സിയായ ഫ്‌ളോറെസ്ലിംഗ്.ഒആര്‍ജി റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് ഒളിമ്പിക് അസോസിയേഷന്‍ യോഗേശ്വറിന്റെ വെങ്കല മെഡല് വെള്ളി മെഡലായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒരു മെഡല്‍ ജേതാവ് നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ അയാളുടെ മെഡല്‍ മത്സരത്തില്‍ അടുത്ത സ്ഥാനം നേടിയ ആള്‍ക്ക് നല്‍കുക എന്നതാണ് നിലവിലെ രീതി. എന്നിരുന്നാലും ലോക ഉത്തേജക വിരുദ്ധ സമിതി ഈ വിവരം റെസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റി, യൂണൈറ്റഡ് വേള്‍ഡ് റെസ്‌ലിംഗ് എന്നീ സമിതികളെ ഔദ്യോഗികമായി അറിയിക്കേണ്ടതുണ്ടെന്ന് മുന്‍ ഗുസ്തി താരം ജഗദീഷ് കാളിരാമന്‍ പറഞ്ഞു. തങ്ങള്‍ക്ക് വിവരം ഔദ്യോഗികമായി ലഭിച്ചെന്നും എന്നാല്‍ യോഗേശ്വറിന് വെള്ളി മെഡല്‍ നല്‍കുന്നത് സംബന്ധിച്ചുളള ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണെന്നും റെസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു.