മേരി കോം വിരമിക്കുന്നു

ഇന്ത്യയുടെ മികച്ച വനിതാ ബോക്സർ മേരി കോം വിരമിക്കാനൊരുങ്ങുന്നു. 2016ൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ഒളിമ്പിക്സിന് ശേഷം വിരമിക്കാനാണ് മേരി കോമിന്റെ തീരുമാനം.
 | 

മേരി കോം വിരമിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ മികച്ച വനിതാ ബോക്‌സർ മേരി കോം വിരമിക്കാനൊരുങ്ങുന്നു. 2016ൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ഒളിമ്പിക്‌സിന് ശേഷം വിരമിക്കാനാണ് മേരി കോമിന്റെ തീരുമാനം. ഡൽഹിയിൽ നടന്ന ഒരു പൊതു ചടങ്ങിനിടെയായിരുന്നു മുപ്പത്തിരണ്ടുകാരിയായ മേരിയുടെ വിരമിക്കൽ പ്രഖ്യാപനം.

ഏപ്രിലിൽ ഇംഫാലിൽ ആരംഭിക്കാനിരിക്കുന്ന തന്റെ ബോക്‌സിംഗ് അക്കാദമിയിൽ സജീവമാകാനാണ് താൽപര്യമെന്നും മേരി വ്യക്തമാക്കി. അതിന്റെ നിർമ്മാണ പ്രവർത്തനം അവസാനഘട്ടത്തിലാണ്. തന്റെ  ഇരട്ട കുട്ടികൾക്ക് എട്ടും മൂന്നാമത്തെ കുട്ടിക്ക് രണ്ടും വയസ്സായി. ഇനി നിരന്തരമായ പരിശീലനം സാധ്യമാകില്ല. റിയോയിൽ സ്വർണം നേടി വിരമിക്കണമെന്നാണ് ആഗ്രഹമെന്നും മേരി പറഞ്ഞു.

അഞ്ചു തവണ ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മേരി നാലുതവണ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കഴിഞ്ഞ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയിട്ടുണ്ട്. 2014ൽ മേരിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയങ്ക ചോപ്ര നായികയായ ചിത്രം മേരി കോം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.

2013ൽ പത്മഭൂഷണും 2010ൽ പത്മശ്രീയും 2009ൽ രാജീവ്ഗാന്ധി ഖേൽരത്‌നയും 2003ൽ അർജുന അവാർഡും നൽകി രാജ്യം മേരി കോമിനെ ആദരിച്ചു.