കണ്ണിനേറ്റ പരിക്ക് ഗുരുതരം; ഇന്ത്യന്‍ ബോക്‌സിംഗ് പ്രതീക്ഷ വികാസ് കൃഷ്ണന്‍ സെമിഫൈനലിന് ഇറങ്ങില്ല
ജക്കാര്‍ത്ത: കണ്ണിനേറ്റ പരിക്ക് ഗുരുതരമായതിനെ തുടര്ന്ന് ഇന്ത്യയുടെ ബോക്സിംഗ് താരം വികാസ് കൃഷ്ണന് ഏഷ്യന് ഗെയിംസ് സെമി ഫൈനല് മത്സരത്തില് നിന്ന് പിന്മാറി. മത്സരത്തില് നിന്ന് പിന്മാറിയതോടെ താരത്തിന് വെങ്കല് മെഡല് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. പ്രീ ക്വാര്ട്ടറില് എതിരാളിയുടെ ഇടിയേറ്റാണ് വികാസിന്റെ ഇടത്തേ കണ്ണിന് പരിക്കേല്‍ക്കുന്നത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിക്ക് വകവെക്കാതെ റിംഗിലിറങ്ങി വികാസിന്റെ പരിക്ക് വഷളായി. ചൈനീസ് താരം നേരത്തെ മുറിവേറ്റ അതേ സ്ഥലത്ത് ഇടിച്ചതോടെ ചോരയൊലിപ്പിച്ചാണ് വികാസ് മത്സരം പൂര്‍ത്തിയാക്കിയത്. വിദഗ്ദ്ധ പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ താരം നിര്‍ബന്ധിതനായത്. 2010ല്‍ 60 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണവും 2014ല്‍ മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ വെങ്കലവും വികാസ് സ്വന്തമാക്കിയിരുന്നു.
ഇന്ന് പ്രാദേശിക സമയം വൈകിട്ട് ഏഴരക്കായിരുന്നു 75 കിലോഗ്രാം വിഭാഗത്തില്‍ കസാഖിസ്താന്റെ അമന്‍കുല്‍ ആബില്‍ഖാനുമായുള്ള വികാസിന്റെ സെമി ഫൈനല്‍ മത്സരം. എന്നാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വികാസിന്റെ കോച്ച് അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സറാണ് വികാസ്.