ലോകകപ്പ് ഹോക്കി; കലിംഗയില്‍ ചരിത്രം രചിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ ആതിഥേയരായ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുന്നു. ക്വാര്‍ട്ടറില്‍ ശക്തരായ നെതര്ലന്ഡ്സിനെതിരായാണ് ഇന്ത്യയുടെ പോരാട്ടം. ഇന്ന് ഏഴ് മണിക്കാണ് മത്സരം. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണെങ്കിലും നെതര്‍ലന്‍ഡ്സിനെതിരായ മത്സരം കടുക്കും. 1975ലാണ് അവസാനമായി ഇന്ത്യ അവസാന നാലിലെത്തിയിട്ടുള്ളത്. പിന്നീട് അങ്ങോട്ട് ഒരിക്കല്‍ പോലും പ്രൗഢിക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.
ഇത്തവണ ആതിഥേയരെന്ന ആനുകൂല്യം മുതലെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞാല്‍ ചരിത്രം ആവര്‍ത്തിക്കും. കരുത്തരായ ബെല്‍ജിയത്തെ സമനിലയില്‍ തളച്ചാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. സമാന പ്രകടനം നെതര്‍ലന്‍ഡ്സിനെതിരെയും പുറത്തെടുത്താല്‍ ഇന്ത്യന്‍ യുവനിര സെമിയിലേക്ക് നേരിട്ട് യോഗ്യത നേടും. അതേസമയം ഗ്രൂപ്പ് മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് നെതര്സന്ഡ്സിന്റെ വരവ്. കണക്കുകള്‍ ഇന്ത്യക്ക് പ്രതികൂലമാണെങ്കിലും സമീപകാലത്തെ നെതര്‍ലന്‍ഡ്സിന്റെ മോശം പ്രകടനം ആശ്വാസകരമാണ്.
ഇതുവരെ ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡിനെതിരെ ലോകകപ്പില്‍ ജയിക്കാനായാട്ടില്ല. ആറുവട്ടം ഇരുവരും ലോകകപ്പില്‍ നേര്‍ക്ക്നേര്‍ വന്നു. അതില്‍ അഞ്ച് തവണ ഇന്ത്യ തോറ്റപ്പോള്‍ ഒരുവട്ടം സമനിലയില്‍ പിരിഞ്ഞു. ആകെ 105 തവണ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 48 കളിയില്‍ ഓറഞ്ചുപടയും 33 എണ്ണത്തില്‍ ഇന്ത്യയും ജയിച്ചു. 24 എണ്ണം സമനിലയില്‍ പിരിയുകയും ചെയ്തു. ഇന്നത്തെ വിജയികള്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ ഓസീസിനെയാവും സെമിയില്‍ നേരിടേണ്ടി വരിക.