യു.എസ് ഓപ്പൺ; ഇന്ത്യൻ താരങ്ങൾ ഫൈനലിൽ
ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നീസ് വനിത ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസയും സ്വിറ്റ്സർലൻഡിന്റെ മാർട്ടിന ഹിംഗിസും ഫൈനലിൽ കടന്നു. 77 മിനിറ്റ് നീണ്ടു നിന്ന സെമിയിൽ ഇറ്റലിയുടെ പതിനൊന്നാം സീഡായ സാറ എറാനി-ഫഌവിയ പെന്നെറ്റ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ-ഹിംഗിസ് സഖ്യം ഫൈനലിലെത്തിയത്. സ്‌കോർ 6-4, 6-1
വനിതാ ഡബിൾസിൽ തുടർച്ചയായ രണ്ടാം ഗ്രാൻസ്ലാം കിരീടമാണ് ഇരുവരും ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ജൂലൈയിൽ വിംബിൾഡൺ ഡബിൾസ് വിഭാഗത്തിൽ ഇരുവരും കിരീടം സ്വന്തമാക്കിയിരുന്നു.
അതേസമയം, മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ ലിയാൻഡർ പേസ് ഫൈനലിൽ കടന്നു. ലിയാൻഡർ പേസ്-മാർട്ടിന ഹിംഗിസ് സഖ്യമാണ് ഈ വർഷത്തെ മൂന്നാം ഗ്രാൻസ്‌ലാം ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. രണ്ടാം സീഡുകളായ ഇന്ത്യയുടെ തന്നെ റോഹൻ ബൊപ്പണ്ണ- തായ്‌വാൻ താരം യങ് ജാൻ ചാൻ സഖ്യത്തെയാണ് ഇവർ സെമിയിൽ പരാജയപ്പെടുത്തിയത്. സ്‌കോർ: 6-2, 7-5.