ഏഷ്യൻ ഗെയിംസ്: മഞ്ജു ബാലയുടെ വെങ്കലം വെള്ളിയായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡൽ കൂടി. വനിതകളുടെ ഹാമർ ത്രോയിൽ ഇന്ത്യയുടെ മഞ്ജു ബാല നേടിയ വെങ്കല മെഡലാണ് വെള്ളിയായത്.
 | 
ഏഷ്യൻ ഗെയിംസ്: മഞ്ജു ബാലയുടെ വെങ്കലം വെള്ളിയായി

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡൽ കൂടി. വനിതകളുടെ ഹാമർ ത്രോയിൽ ഇന്ത്യയുടെ മഞ്ജു ബാല നേടിയ വെങ്കല മെഡലാണ് വെള്ളിയായത്. മൽസരത്തിൽ സ്വർണം നേടിയ ചൈനയുടെ സാങ് വെയ്ൻസ്യു ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ടതോടെയാണ് വെങ്കലം നേടിയ മഞ്ജുവിന് സ്ഥാനക്കയറ്റം ലഭിച്ചത്. രാജസ്ഥാൻ സ്വദേശിയാണ് ഇരുപത്തിയഞ്ചുകാരിയായ മഞ്ജു.

സെപ്റ്റംബർ 28ന് ആയിരുന്നു മഞ്ജുവിന്റെ പ്രകടനം. ഗെയിംസ് റെക്കാഡോടെയാണ് 77.33 മീറ്റർ എറിഞ്ഞ് സാങ് വെയ്ൻസ്യു സ്വർണം നേടിയിരുന്നത്. 74.16 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തിയ ചൈനയുടെ തന്നെ വാങ് ഷെങാണ് സ്വർണത്തിന്റെ പുതിയ അവകാശി. 60.47 മീറ്റർ ദൂരമായിരുന്നു മഞ്ജു എറിഞ്ഞത്. 59.84 മീറ്റർ എറിഞ്ഞ് നാലാം സ്ഥാനത്തെത്തിയിരുന്ന ജപ്പാന്റെ മസുമി അയക്ക് വെങ്കലം ലഭിക്കും.

ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മത്സരങ്ങൾ പൂർത്തിയായി. ഇതോടെ 11 സ്വർണവും 10 വെള്ളിയും 36 വെങ്കലവുമുൾപ്പെടെ 57 മെഡലുകളുമായി മെഡൽ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്. 2010 ലെ 14 സ്വർണവും 17 വെള്ളിയും 34 വെങ്കലവും അടക്കം 64 മെഡലുകളെന്ന പ്രകടനത്തേക്കാൾ ഏറെ പിന്നിലായി ഇത്തവണ ഇന്ത്യൻ സംഘത്തിന്റെ പ്രകടനം.