പി.യു.ചിത്രയെ ഒഴിവാക്കിയതിനു പിന്നില്‍ പി.ടി.ഉഷയ്ക്കും പങ്ക്; സ്ഥിരീകരിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍
ന്യൂഡല്‍ഹി: ലോക അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യന് ടീമില് നിന്ന് മലയാളി താരം പി.യു.ചിത്രയെ ഒഴിവാക്കിയതില് പി.ടി.ഉഷയ്ക്കും പങ്കുണ്ടെന്ന് സ്ഥിരീകരണം. സെലക്ഷന് കമ്മിറ്റി ചെയര്മാന് ഗുര്ബച്ചന് സിംഗ് രണ്ധാവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനം അനുസരിച്ചല്ല. അത്ലറ്റിത് ഫെഡറേഷന് ഭാരവാഹികളും ഉഷയും കൂട്ടായാണ് ഈ തീരുമാനത്തിലെത്തിയതെന്ന് ഒരു ദേശീയ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.
ചിത്രയുടെ പ്രകടനത്തില്‍ സ്ഥിരതയില്ലെന്നും ഒഴിവാക്കണമെന്നും നിര്‍ദേശമുയര്‍ന്നപ്പോള്‍ സെക്രട്ടറി സി.കെ.വല്‍സനും പി.ടി.ഉഷയും അതിനെ അനുകൂലിക്കുകയായിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നിട്ടും ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ താന്‍ ശ്രമിച്ചില്ലെന്ന ആരോപണം കഴിഞ്ഞ ദിവസം ഉഷ നിഷേധിച്ചിരുന്നു.
നിരീക്ഷകയായാണ് യോഗത്തില്‍ പങ്കെടുത്തത്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പില്‍ പങ്കില്ല. ചിത്രയുടെ പ്രകടനത്തേക്കുറിച്ച് ആരോപണമുയര്‍ന്നപ്പോള്‍ അത് അങ്ങനെയല്ലെന്ന് തിരുത്താന്‍ തനിക്ക് കഴിയില്ലല്ലോ എന്നായിരുന്നു ഉഷ മാധ്യമങ്ങളോട് പറഞ്ഞത്. ഒഴിവാക്കിയതിനെതിരെ ചിത്ര നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.