സൈനയ്ക്ക് വെങ്കലം; പി.വി സിന്ധു ഫൈനലില്‍; ചരിത്ര നേട്ടത്തിനരികെ ഇന്ത്യ
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയ്ംസ് വനിതകളുടെ ബാറ്റ്മിന്റണില് പി.വി സിന്ധു ഫൈനലില് കടന്നു. ജപ്പാന്റെ അക്കാനെ യമഗുചിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്ക്കാണ് സിന്ധു മറികടന്നത്. സ്കോര് 21-17, 15-21, 21-10. അതേസമയം ഇന്ത്യയുടെ സൈന നെഹ്വാള് സെമിഫൈനലില് പുറത്തായി. ലോക ഒന്നാം നമ്പര് താരമായ തായ്വാന്റെ തായ് സു യിങ്ങ് ആണ് സൈനയെ തോല്പിച്ചത്. സ്കോര് സ്കോര് 17-21, 14-21. ഇതോടെ സൈന വെങ്കല് മെഡല് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ മെഡല്‍ സ്വന്തമാക്കുന്നത്. വ്യക്തിഗത ഇനത്തില്‍ വെള്ളിയും വെങ്കലവും എന്തായാലും ഇന്ത്യ ഉറപ്പിച്ചു കഴിഞ്ഞു. സൈന നെഹ്വാളിനെ തോല്‍പ്പിച്ചെത്തിയ തായ് സു യിങ്ങിനെ ഫൈനലില്‍ സിന്ധു മറികടന്നാല്‍ ചരിത്രനേട്ടത്തിലേക്ക് ഇന്ത്യയെത്തും.
ഹോക്കിയില്‍ തുടര്‍ച്ചയായ നാലാം ജയത്തോടെ ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ കടന്നു. നാലാം മല്‍സരത്തില്‍ തായ്‌ലന്‍ഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. നിലവില്‍ ഏഴു സ്വര്‍ണവും 10 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 37 മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്. വിവിധയിനങ്ങളിലായി ഇന്ത്യക്ക് ഇന്ന് അഞ്ചോളം ഫൈനലുകളാണുള്ളത്.