ബോക്‌സിങ് താരങ്ങൾക്ക് ഗർഭ പരിശോധന: ഡോ.ചന്ദ്രനെ നീക്കി

ബോക്സിംഗ് ഇന്ത്യ തങ്ങളുടെ താരങ്ങളെ നിയമം ലംഘിച്ച് ഗർഭ പരിശോധനക്ക് വിധേയമാക്കിയതിനെ എതിർത്ത ഡോ.പി.എസ്.എം.ചന്ദ്രനെ സായ് മെഡിക്കൽ കൺസൾട്ടന്റ് സ്ഥാനത്ത് നിന്നും നീക്കി. അച്ചടക്ക ലംഘനം ആരോപിച്ചാണ് നടപടി.
 | 
ബോക്‌സിങ് താരങ്ങൾക്ക് ഗർഭ പരിശോധന: ഡോ.ചന്ദ്രനെ നീക്കി

 

ന്യൂഡൽഹി: ബോക്‌സിംഗ് ഇന്ത്യ തങ്ങളുടെ താരങ്ങളെ നിയമം ലംഘിച്ച് ഗർഭ പരിശോധനക്ക് വിധേയമാക്കിയതിനെ എതിർത്ത ഡോ.പി.എസ്.എം.ചന്ദ്രനെ സായ് മെഡിക്കൽ കൺസൾട്ടന്റ് സ്ഥാനത്ത് നിന്നും നീക്കി. അച്ചടക്ക ലംഘനം ആരോപിച്ചാണ് നടപടി. ബോക്‌സിങ് താരങ്ങളെ ഗർഭ പരിശോധനയ്ക്ക് വിധേയരാക്കിയ സംഭവത്തിൽ ചന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൂന്ന് മാസം കാലാവധി ബാക്കി നിൽക്കെയാണ് നടപടി. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഡോ.ചന്ദ്രൻ പറഞ്ഞു.

കൊറിയയിൽ നടക്കാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായി വനിതാ ബോകിസിംഗ് താരങ്ങളെ ഗർഭ പരിശോധനയ്ക്ക് വിധേയരാക്കിയ ബോക്‌സിങ് ഇന്ത്യയുടെ നടപടി വിവാദമായിരുന്നു. പ്രായപൂർത്തിയാകാത്ത ജൂനിയർ താരങ്ങളും അവിവാഹിതരും ഉൾപ്പെടെ എട്ട് അത്‌ലറ്റുകളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയതെന്നായിരുന്നു ആരോപണം. സായ് മെഡിക്കൽ കൺസൾട്ടന്റും ഇന്ത്യൻ ഫെഡറേഷൻ ഓഫ് സ്‌പോർട്‌സ് മെഡിസിൻ പ്രസിഡന്റുമായ ഡോ: പി.എസ്.എം ചന്ദ്രനാണ് വെളിപ്പെടുത്തലിനു പിന്നിൽ.

വനിതാ മത്സരാർത്ഥികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനൊപ്പം ഗർഭിണിയല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മാത്രം മതി. ഇതിനു വിരുദ്ധമായാണ് ബോക്‌സിംഗ് താരങ്ങളെ ഗർഭ പരിശോധനയ്ക്ക് വിധേയരാക്കുന്നതെന്നും ഡോ. ചന്ദ്രൻ പറഞ്ഞു. എന്നാൽ അന്താരാഷ്ട്ര ബോക്‌സിംഗ് ഫെഡറേഷന്റെ നിയമങ്ങൾക്കനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് ബോക്‌സിംഗ് ഇന്ത്യയുടെ വാദം.