ഹോക്കി ടീം പരിശീലകൻ ടെറി വാൽഷ് രാജിവച്ചു

ഇന്ത്യൻ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകൻ ടെറി വാൾഷ് രാജിവച്ചു. ഹോക്കി ഇന്ത്യയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. നാളെ വാൾഷും ഹോക്കി ഇന്ത്യയും തമ്മിലുള്ള കരാർ അവസാനിക്കാനിരിക്കുകയാണ്.
 | 

ഹോക്കി ടീം പരിശീലകൻ ടെറി വാൽഷ് രാജിവച്ചു
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകൻ ടെറി വാൾഷ് രാജിവച്ചു. ഹോക്കി ഇന്ത്യയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. നാളെ വാൾഷും ഹോക്കി ഇന്ത്യയും തമ്മിലുള്ള കരാർ അവസാനിക്കാനിരിക്കുകയാണ്. എന്നാൽ കരാർ പുതുക്കുന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല.

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ പ്രത്യേക യോഗം ഇന്നലെ തുടർച്ചയായ ആറ് മണിക്കൂർ കൂടിയിരുന്നു. എന്നാൽ ഈ യോഗത്തിലും വാൽഷിന്റെ കാര്യത്തിൽ തീരുമാനമായില്ല. തന്റെ ആവശ്യങ്ങൾ ഹോക്കി ഇന്ത്യ അംഗീകരിച്ചില്ലെന്നും വാൽഷ് പറയുന്നു. ഇതേതുടർന്നാണ് വാൽഷ് നാളെ കരാർ അവസാനിപ്പിച്ച് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.

തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ കൂടുതൽ അധികാരം വേണമെന്നും ഓസ്‌ട്രേലിയയിൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവിടാൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വാൾഷ് ഹോക്കി ഇന്ത്യയ്ക്ക് മുൻപാകെ വെച്ചത്. വാൾഷിന്റെ ആവശ്യങ്ങളെ കുറിച്ച് പഠിക്കാൻ ഹോക്കി ഇന്ത്യ ഒരു മൂന്നംഗ സമിതിക്ക് രൂപം നൽകിയിരുന്നെങ്കിലും ഇവർക്ക് തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. നേരത്തെയും ഹോക്കി ഇന്ത്യയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് വാൽഷ് രാജിവച്ചിരുന്നു. എന്നാൽ, പിന്നീട് ചർച്ചയെ തുടർന്ന് രാജി പിൻവലിക്കുകയായിരുന്നു.

ഇത്തവണ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന് സ്വർണമെഡൽ നേടിക്കൊടുക്കുന്നതിൽ വാൽഷിന്റെ പങ്ക് വലുതായിരുന്നു. 1976-ൽ ഒളിംപിക് വെള്ളിമെഡൽ നേടിയ ഓസീസ് സംഘത്തിൽ അംഗമായിരുന്ന വാൽഷ് 2013 ഒക്ടോബറിലാണ് ഇന്ത്യൻ പരിശീലക സ്ഥാനത്ത് നിയമിതനാകുന്നത്. 2000-ൽ ഓസീസിന് വെങ്കല മെഡലും 2004-ൽ നെതർലാന്റ്‌സിനു വെള്ളിമെഡലും നേടിക്കൊടുത്ത കോച്ചുകൂടിയാണ്.