സാങ്കേതിക സമിതികൾ അനുമതി നൽകും; ദേശീയ ഗെയിംസിൽ മാറ്റമില്ല

ദേശീയ ഗെയിംസിൽ ആശങ്ക വേണ്ടെന്നും നിശ്ചയിച്ച സമയത്ത് തന്നെ അത് നടക്കുമെന്നും ഗെയിംസ് നടത്തിപ്പ് സമിതി. എല്ലാ കായിക ഫെഡറേഷനുകൾക്കും പ്രവർത്തനത്തിൽ സംതൃപ്തിയുണ്ട്.
 | 
സാങ്കേതിക സമിതികൾ അനുമതി നൽകും; ദേശീയ ഗെയിംസിൽ മാറ്റമില്ല

 

തിരുവനന്തപുരം: ദേശീയ ഗെയിംസിൽ ആശങ്ക വേണ്ടെന്നും നിശ്ചയിച്ച സമയത്ത് തന്നെ അത് നടക്കുമെന്നും ഗെയിംസ് നടത്തിപ്പ് സമിതി. എല്ലാ കായിക ഫെഡറേഷനുകൾക്കും പ്രവർത്തനത്തിൽ സംതൃപ്തിയുണ്ട്. അവശേഷിക്കുന്ന ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും. 27 നകം ഉപകരണങ്ങൾ എത്തിക്കാനും നിർമ്മാണം പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സാങ്കേതിക സമിതി അറിയിച്ചു.

വിവിധ ദേശീയ കായിക ഫെഡറേഷനുകളുടെ പ്രതിനിധികളാണ് രണ്ട് ദിവസങ്ങളിലായി ഗെയിംസ് വേദികൾ പരിശോധിച്ചത്. വേദികൾ പരിശോധിച്ച മിക്ക സാങ്കേതിക സംഘങ്ങളും നിലവാരത്തിന്റെ കാര്യത്തിൽ തൃപ്തി പ്രകടിപ്പിച്ചതായി നടത്തിപ്പ് സമിതി അറിയിച്ചു. ജനുവരി 31 മുതൽ ഫെബ്രുവരി പതിനാല് വരെയാണ് ദേശീയ ഗെയിംസ് അരങ്ങേറുക. 27 വർഷത്തിന് ശേഷമാണ് കായിക രംഗത്തെ ഏറ്റവും വലിയ മാമാങ്കത്തിന് കേരളം ആതിഥ്യമരുളുന്നത്.

ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഏഴ് വർഷം ലഭിച്ചെങ്കിലും സംസ്ഥാന സർക്കാർ വേണ്ടത്ര ശ്രദ്ധ നൽകാത്തതിനേത്തുടർന്ന് സ്റ്റേഡിയങ്ങളുടേതുൾപ്പെടെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യാപകമായ അഴിമതി നടന്നുവെന്ന ആരോപണവും ഉണ്ട്. ഗെയിസ് നടത്തിപ്പിന്റെ എല്ലാ മേഖലകളും കുഴപ്പത്തിലായിരിക്കെയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സാങ്കേതിക സമിതിയുടെ അനുമതി ഇപ്പോൾ ലഭിക്കുന്നത്. ഇതിന് പിന്നിലും അഴിമതി നടന്നതായി സംശയിക്കുന്നവരുണ്ട്.