ഓർമ്മയും ചലനവും നഷ്ടപ്പെട്ട് ഷൂമാക്കർ
ലോകത്തെ ഏറ്റവും വേഗതയേറിയ മനുഷ്യൻ എന്ന് അറിയപ്പെട്ടിരുന്ന ഷൂമാക്കറുടെ ജീവിതം ഇപ്പോൾ ചാരുകസേരയിൽ. മഞ്ഞുമലകളിലെ സ്കീയിങ്ങിനിടയിൽ വീണു ഗുരുതരമായി പരുക്കേറ്റ് ആറ് മാസത്തോളം കോമയിലായിരുന്ന ഷൂമാക്കർ കഴിഞ്ഞ സെപ്തംബറിലാണ് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയത്. ഷൂമാക്കർ ജീവിതത്തിലേയ്ക്ക് തിരിച്ചുവരണേ എന്ന ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആരാധകരുടെ പ്രാർഥനകൾ ഫലിച്ചെങ്കിലും ഇപ്പോൾ അദ്ദേഹം ജീവിക്കുന്നത് ഓർമ്മയും സംസാരശേഷിയുമില്ലാതെ വീൽചെയറിൽ.
ഷൂമാക്കറുടെ ശരീരം തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടുവെന്നും ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹത്തെ സന്ദർശിച്ച ഉറ്റസുഹൃത്തും മുൻ കാറോട്ടക്കാരനുമായ ഫിലിപ് സ്‌ട്രെയ്ഫാണ് പറഞ്ഞത്. ഫ്രാൻസിൽ ആൽപ്‌സ് പർവതനിരകളിൽ സ്‌കീയിങ് നടത്തുന്നതിനിടെ 2013 ഡിസംബർ 29-ന് ആണു ഷൂമാക്കർ അപകടത്തിൽപ്പെട്ടത്. പതിനാലു വയസ്സുകാരനായ മകനൊപ്പം സ്‌കീയിങ് നടത്തുകയായിരുന്നു ഷൂമാക്കറുടെ തല പാറയിലിടിച്ചാണ്് മസ്തിഷ്‌കത്തിന് ഗുരുതരമായ പരുക്കു പറ്റിയത്. അബോധാവസ്ഥയിൽ, മരണതുല്യം മൂന്നുമാസം പിന്നിട്ടശേഷമാണ് അദ്ദേഹം കണ്ണുതുറന്നത്.
ആറു മാസത്തെ കോമയിലായിരുന്ന അദ്ദേഹം സെപ്തംബറിലായിരുന്നു ആശുപത്രി വിട്ടത്. ഷൂമാക്കർ സാധാരണനിലയിലേക്കു തിരിച്ചുവരാൻ വർഷങ്ങളെടുക്കുമെന്നാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. ഷൂമാക്കറിന്റെ ആരോഗ്യസ്ഥിതിയിൽ ചില പുരോഗതിയൊക്കെ ഉണ്ടായിട്ടുള്ളതായും ഡോക്ടർമാർ പറയുന്നു.
ഫോർമുല വൺ (എഫ് 1) റേസിങ് സർക്യൂട്ടുകളിൽ സമാനതകളില്ലാത്ത നേട്ടത്തിനുടമയാണ് ഷൂമാർക്കർ. ഏറ്റവും കൂടുതൽ ഡ്രൈവേഴ്‌സ് ചാംപ്യൻഷിപ് (ഏഴു വിജയങ്ങൾ), ഏറ്റവും കൂടുതൽ ഗ്രാൻപ്രി വിജയങ്ങൾ (ആകെ 91), കരിയറിൽ 1000 പോയിന്റ് തികയ്ക്കുന്ന ആദ്യ താരം, കൂടുതൽ തവണ പോൾ പൊസിഷൻ (യോഗ്യതാ നിർണയത്തിലൂടെ നേടുന്ന ഒന്നാം സ്ഥാനം), കൂടുതൽ പൊഡിയം ഫിനിഷുകൾ. 2006-ൽ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഓർമ്മയും ചലനവും നഷ്ടപ്പെട്ട് 2010-ൽ തിരിച്ചെത്തി. തുടർന്ന് 2012-ൽ വിരമിച്ചു.