ചൈന കീഴടക്കിയ ശ്രീകാന്ത് മാസങ്ങൾക്ക് മുൻപ് മരണത്തെ മുഖാമുഖം കണ്ടതിന്റെ കഥ

ഇന്ത്യൻ ബാഡ്മിന്റണിലെ പുത്തൻ താരോദയം ശ്രീകാന്ത് ചൈന ഓപ്പൺ സീരീസിൽ കിരീടം സ്വന്തമാക്കിയത് മരണത്തെ മുഖാമുഖം കണ്ടതിന് ഏതാനും മാസങ്ങൾക്ക് ശേഷം. കഥ തുടങ്ങുന്നത് ഇങ്ങനെ.
 | 



ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റണിലെ പുത്തൻ താരോദയം ശ്രീകാന്ത് ചൈന ഓപ്പൺ സീരീസിൽ കിരീടം സ്വന്തമാക്കിയത് മരണത്തെ മുഖാമുഖം കണ്ടതിന് ഏതാനും മാസങ്ങൾക്ക് ശേഷം. കഥ തുടങ്ങുന്നത് ഇങ്ങനെ. നാല് മാസം മുൻപ് ഹൈദരാബാദിലെ ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ ബോധരഹിതനായി വീണ ശ്രീകാന്തിനെ എല്ലാവരും ചേർന്ന് അവിടത്തെ മുറിയിൽ എത്തിച്ചു.

കോച്ച് പുല്ലേല ഗോപീചന്ദും അക്കാദമിയുടെ നടത്തിപ്പുകാരി കൂടിയായ അമ്മ സുബ്ബരാവമ്മയും വിവരം അറിയാൻ വൈകിയതിനാൽ ആശുപത്രിയിൽ കൃത്യ സമയത്ത് എത്തിക്കാനായില്ല. വൈകിയാണെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴാകട്ടെ ഡോക്ടർമാർ ശ്രീകാന്തിന് മരണ വിധിയാണെഴുതിയത്. ജീവിതത്തിലേക്ക് തിരികെയെത്താൻ ഏറെ ബുദ്ധിമുട്ടുള്ള ബ്രെയിൻ ഫീവറാണ് ശ്രീകാന്തിനെ പിടികൂടിയിരുന്നത്.

ഗുണ്ടൂർ സ്വദേശികളായ ശ്രീകാന്തിന്റെ അച്ഛൻ വി.എസ് കൃഷ്ണനേയും അമ്മ രാധയേയും അത് ഏറെ വേദനിപ്പിച്ചു. മരണത്തിനും ജീവിതത്തിനും ഇടയിലൂടെയുള്ള നൂൽപ്പാലം കടത്തിയെടുക്കാൻ ഡോക്ടർമ്മാരും ഏറെ പണിപ്പെട്ടു. മാസങ്ങൾ പിന്നിട്ട പരിശ്രമത്തിലൂടെയും കൃത്യമായ പരിചരണത്തിലൂടെയും ശ്രീകാന്ത് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

ശാരീരിക ബുദ്ധിമുട്ടികൾ നേരിട്ട ശ്രീകാന്തിന് പിന്നീട് വ്യക്തമായ ലക്ഷ്യബോധം ഉണ്ടായിരുന്നില്ലെന്ന് അടുപ്പമുള്ളവർ പറയുന്നു. അവിടെ നിന്നും ശ്രീകാന്തിനെ ബാഡ്മിന്റൺ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയത് മുൻ ഇന്ത്യൻ ചാമ്പ്യൻ കൂടിയായ കോച്ച് പുല്ലേല ഗോപീചന്ദായിരുന്നു. ശ്രീകാന്ത് വീണ്ടും പഴയ ഊർജ്ജസ്വലതയോടെ ഉയർന്നെഴുന്നേൽക്കുകയായിരുന്നു.

ബാഡ്മിന്റണിലുള്ള ശ്രീകാന്തിന്റെ കരിയർ ആരംഭിക്കുന്നത് 2009ന് ശേഷമാണ്. നാടകീയമായ രംഗ പ്രവേശനം ആയിരുന്നു അത്. കോച്ച് പുല്ലേല ഗോപീചന്ദിന്റെ അക്കാദമിയിൽ 2008-2009 സീസണിൽ സഹോദരൻ നന്ദഗോപാലിനെ ട്രെയിനിയായി ചേർക്കാൻ അച്ഛന്റെ കൂടെ എത്തിയതായിരുന്നു ശ്രീകാന്ത്. എന്നാൽ വെറും കാഴ്ച്ചക്കാരനായി കളി കണ്ടിരിക്കാൻ ശ്രീകാന്ത് കൂട്ടാക്കിയില്ല. ശ്രീകാന്തും അക്കാദമിയിൽ ചേർന്നു.

ഡബിൾസ്, മിക്‌സഡ് ഡബിൾസ് ട്രെയിനിംഗ് ടീമിലായിരുന്ന ശ്രീകാന്തിന്റെ പ്രതിഭയെ മനസിലാക്കിയ കോച്ച് ഗോപീചന്ദ് സിംഗിൾസിൽ ശ്രദ്ധ തിരിക്കാൻ ആവശ്യപ്പെട്ടു. ഒരുപക്ഷേ അവിടം മുതലാണ് ശ്രീകാന്തിന്റെ കരിയർ ഗ്രാഫ് ഉയർന്നതെന്ന് പറയാം. ചൈന ഓപ്പൺ സീരീസിൽ അഞ്ചുതവണ ലോകകിരീടവും സ്വർണവും നേടിയ ഇതിഹാസ താരങ്ങളിൽ ഒരാളായ ലിൻ ഡാനെ നേരിട്ടപ്പോൾ ഈ ചെറുപ്പക്കാരന്റെ മുഖത്ത് യാതൊരു പരിഭ്രമവും ഉണ്ടായിരുന്നില്ല. മരണത്തെ പൊരുതി തോൽപ്പിച്ച് ബാഡ്മിന്റൺ കളിക്കളത്തിൽ നിലയുറച്ച ഈ ഇരുപത്തിയൊന്നുകാരനെ ഓർത്ത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം.