ഇന്ത്യ 191ന് പുറത്ത്, ഇം​ഗ്ലീഷ് ബാറ്റിം​ഗ് നിരയും പതറുന്നു

 | 
ind vs eng

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 191 റൺസിന് പുറത്ത്. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയും ഷാർദുൽ താക്കൂറും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസണും ചേർന്ന് തകർക്കുകയായിരുന്നു.

ഒന്നാം ഇന്നിം​ഗ്സ് ബാറ്റി​ങ്ങിനിറങ്ങിയ ഇം​ഗ്ലണ്ടിന്റെ തുടക്കം ബാറ്റിം​ഗ് തകർച്ചയോടെയാണ്. പതിനേഴ് ഓവറിൽ 53/3 എന്ന നിലയിലാണ് ഇം​ഗ്ലണ്ട്. ജോ റൂട്ട്, റോറി ജോസഫ് ബേൺസ്, ​ഹസീബ് ഹമീദ് എന്നിവരുടെ വിക്കറ്റാണ് ഇം​ഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും ഉമേഷ് ‍യാ​ദവ് ഒരു വിക്കറ്റും നേടി.

രോഹിത് ശർമ, കെ.എൽ. രാഹുൽ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഋഷഭ് പന്ത് തുടങ്ങിയ ഇന്ത്യൻ ബാറ്റിം​ഗ് നിര  ഇംഗ്ലിഷ് പേസ് ആക്രമണത്തിനു മുന്നിൽ തകർന്നപ്പോൾ, ക്യാപ്റ്റൻ വിരാട് കോലിയുടെ ചെറുത്തുനിൽപ്പും ഠാക്കൂറിന്റെ ബാറ്റിങ് വെടിക്കെട്ടുമാണ് ഇന്ത്യയ്ക്ക് ആശ്വാസമേകിയത്.