ഇന്ത്യ-പാക്കിസ്ഥാൻ മത്സരം; 30,000 കോടിയുടെ വാതുവെപ്പ്
മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ആരംഭിച്ചതോടെ ലോകമെങ്ങുമുള്ള വാതുവെപ്പുകാരും സജീവമായതായി റിപ്പോർട്ട്. ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിനായി 30,000 രൂപയുടെ വാതുവെപ്പ് നടന്നതായാണ് സൂചന. നിയമാനുസൃതമല്ലാത്ത ഇത്തരം പന്തയങ്ങൾ ആസൂത്രണം ചെയ്യുന്നവരെയും ഇതിൽ ഉൾപ്പെട്ടവരെയും കുടുക്കാനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ് ഉൾപ്പെടെയുള്ള സേനാവിഭാഗങ്ങൾ.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സംസ്ഥാനം കേന്ദ്രീകരിച്ചുള്ള ഇത്തരം പ്രവർത്തികൾക്കെതിരെ നടപടിയെടുക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. അന്വേഷണ ഏജൻസികളും ഇതിനായി പദ്ധതികൾ ആസൂത്രണം ചെയ്ത് കഴിഞ്ഞു. വാതുവെപ്പ് സംഘങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ആവശ്യമായ വിവരങ്ങൾ കൈമാറാൻ സന്നദ്ധരായ വ്യക്തികളുടെ ലിസ്റ്റും ക്രൈം ബ്രാഞ്ചിന്റെ പക്കലുണ്ട്.
ഇന്റർനെറ്റിലും വാതുവെപ്പുകാർ സജീവമായതായാണ് റിപ്പോർട്ട്. പതിവ് കുറ്റവാളികൾ വീണ്ടും പിടിയിലാകുന്ന പക്ഷം ഇവർക്ക് ജാമ്യം നൽകുതെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പോലീസ. നഗരത്തിലെ ഹോട്ടലുകൾക്ക് മത്സരങ്ങൾ കാണുന്നതിന് മാത്രമായി മുറികൾ നൽകുന്നത് ഒഴിവാക്കണമെന്നും പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
ഗുജറാത്തിലെ നാസിക്കിലാണ് ഏറ്റവും കൂടുതൽ വാതുവെപ്പ് നടക്കുന്നതെന്നാണ് സൂചന. ഓസ്‌ട്രേലിയയാണ് ഇവർക്കിടയിൽ പ്രിയ ടീമെന്നാണ് വാതുവെപ്പുകാരിലൊരാൾ പറയുന്നത്. ദക്ഷിണാഫ്രിക്ക, ഇന്ത്യ, ന്യൂസിലാന്റ്, പാക്കിസ്ഥാൻ എന്നിങ്ങനെ പോകുന്നു വില നിലവാരം.
മുംബൈ ആയിരുന്നു വാതുവെപ്പുകാരുടെ ഇഷ്ട കേന്ദ്രം. എന്നാൽ അന്വേഷണം ഊർജ്ജിതമായതോടെ മുംബൈ വിട്ട് മലേഷ്യ, മക്കാവു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായി ഇവരുടെ പ്രവർത്തനം.