പാകിസ്ഥാന് മൂന്നാം ജയം; ബംഗ്ലാദേശിനെ തോൽപ്പിച്ച്‌ വെസ്റ്റിൻഡീസ്

 | 
Cricket

ടി20 ലോകകപ്പില്‍ വെസ്റ്റിൻഡീസ്, പാകിസ്ഥാൻ ടീമുകൾക്ക് വിജയം. അഫ്‌ഗാനിസ്ഥാനെ 5 വിക്കറ്റിന് കീഴടക്കി പാക്കിസ്ഥാൻ സെമി ഉറപ്പിച്ചപ്പോൾ അവസാന പന്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് വിൻഡീസ് പ്രതീക്ഷ നിൽ നിർത്തി.

148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് അവസാന രണ്ടോവറില്‍ വേണ്ടിയിരുന്നത്  24 റണ്‍സായിരുന്നു.  കരീം ജന്നത്ത് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ നാലു സിക്സ് പറത്തി ആസിഫ് അലി പാക് ടീമിനെ വിജയത്തിൽ എത്തിച്ചു. 

അവസാന ഓവറുകളില്‍ ബാബര്‍ അസമിനെയും ഷൊയൈബ് മാലിക്കിനെയും നഷ്ടമായെങ്കിലും  ഏഴ് പന്തില്‍ പുറത്താകാതെ 25 റണ്‍സടിച്ച ആസിഫ് അലിയാണ് പാകിസ്ഥാനെ വിജയത്തിലേക്ക് എത്തിച്ചത്‌. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 147-8, പാക്കിസ്ഥാന്‍ 19 ഓവറില്‍ 148-5.

 യുഎയില്‍  18 മത്സരങ്ങളിലെ അഫ്ഗാനിസ്ഥാന്‍റെ ആദ്യ തോല്‍വിയാണിത്.  പാക്കിസ്ഥാന്‍റെ തുടര്‍ച്ചയായ പതിനാലാം ജയവും. 

അഫ്ഗാന്‍ ഉയര്‍ത്തിയ 148 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാൻ ഇറങ്ങിയ പാക്കിസ്ഥാന്  തുടക്കത്തില്‍ മികച്ച ഫോമിലുള്ള മുഹമ്മദ് റിസ്‌വാനെ(8) നഷ്ടപ്പെട്ടു. രണ്ടാം ഓവറില്‍  മുജീബ് ഉര്‍ റഹ്മാന്‍ ആണ് വിക്കറ്റ് വീഴ്ത്തിയത് . തുടർന്ന് ഒത്തു ചേർന്ന   ബാബര്‍ അസമും ഫഖര്‍ സമനും  അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചു. പന്ത്രണ്ടാം ഓവറില്‍ ഫഖര്‍ സമനും(30) പതിനഞ്ചാം ഓവറില്‍ മുഹമ്മദ് ഹഫീസും(10) പുറത്തായെങ്കിലും ഷൊയൈബ് മാലിക്കിനെ കൂട്ടുപിടിച്ച്   ബാബര്‍ പാക്കിസ്ഥാനെ ജയത്തിന് അടുത്തെത്തിച്ചു.

 പതിനേഴാം ഓവറില്‍ ബാബറിനെ(51)   റാഷിദ് ഖാന്‍ ബൗള്‍ഡാക്കി.  പതിനെട്ടാം ഓവറില്‍ നവീന്‍ ഉള്‍ ഹഖ് രണ്ട് റണ്‍സ് മാത്രം വഴങ്ങി ഷൊയൈബ് മാലിക്കിനെ(19) വീഴ്ത്തിയതോടെ അഫ്‌ഗാൻ വിജയം മണത്തു. പക്ഷെ കരിം ജന്നത്തിന്‍റെ പത്തൊമ്പതാം ഓവര്‍ നേരിട്ട ആസിഫ്  നാല് സിക്സ് പറത്തി പാക്കിസ്ഥാനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

നേരത്തെ ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടാം ഓവറിൽ ഹസ്രത്തുള്ള സാസായിയെ(0) മടക്കി ഇമാദ് വാസിം അഫ്ഗാന് ആദ്യ പ്രഹരമേല്‍പ്പിച്ചു. സ്കോര്‍ ബോര്‍ഡില്‍ 13 റണ്‍സെത്തിയപ്പോഴേക്കും മൊഹമ്മദ് ഷെഹ്സാദിനെ(8) ഷഹീന്‍ അഫ്രീദി പുറത്താക്കി. 

റഹ്മാനുള്ള ഗുര്‍ബാസ്(10), അസഗര്‍ അഫ്ഗാന്‍(10), കരീം ജന്നത്ത്(15) എന്നിവര്‍ വന്ന പോലെ മടങ്ങി. 64-5 എന്ന നിലയിൽ നിന്നും  നജീബുള്ള സര്‍ദ്രാൻ(21 പന്തില്‍ 22) ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് നബിയും ഗുല്‍ബാദിന്‍ നൈബ് സഖ്യവും ആണ് ഈ സ്കോറിൽ എത്തിച്ചത്. 32 പന്തില്‍ അഞ്ച് ബൗണ്ടറി പറത്തി 35 റണ്‍സുമായി നബിയും 25 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സും പറത്തി നൈബും പുറത്താകാതെ നിന്നു.

പാക്കിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദിയും ഷദാബ് ഖാനും നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരോ വിക്കറ്റെടുത്തപ്പോള്‍ ഇമാദ് വാസിം നാലോവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഹസന്‍ അലി നാലോവറിര്‍ 38-1, ഹാസിസ് റൗഫ് നാലോവറില്‍ 37-1 എന്നിവര്‍ റണ്‍സ് വഴങ്ങി.

 ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ്  മൂന്ന് റണ്‍സിനാണ് 
 സൂപ്പര്‍ 12ലെ ആദ്യവിജയം നേടിയത്. ഷാര്‍ജയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനാണ് സാധിച്ചത്.  


ലിറ്റണ്‍ ദാസ് (44), മഹ്മുദുള്ള (31) എന്നിവര്‍ ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല. ആന്ദ്രേ റസ്സല്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണ് ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 10 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ വിന്‍ഡീസ് സെമി സാധ്യതകള്‍ സജീവമാക്കി.

 വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 142 റണ്‍സ് നേടിയത്. നിക്കോളാസ് പുരാനാണ് (22 പന്തില്‍ 40) അവരുടെ ടോപ് സ്‌കോറര്‍.