അഞ്ചിൽ അഞ്ചും ജയിച്ച് പാകിസ്ഥാൻ; സെമിയിൽ ഓസ്‌ട്രേലിയയെ നേരിടും

സൂപ്പർ 12ലെ തങ്ങളുടെ അവസാന കളിയിൽ പാകിസ്ഥാൻ സ്‌കോട്ലൻഡിനെ പരാജയപ്പെടുത്തി. 72 റൺസിനാണ് പാകിസ്ഥാന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പാക് ടീം നായകൻ ബാബർ അസമിന്റെ 47 പന്തിലെ 66 റൺസ് പ്രകടനത്തിലൂടെ നന്നായി തുടങ്ങി. അതിനു ശേഷം വെറ്ററൻ താരം ഷോയിബ് മാലിക്കിന്റെ വെടിക്കെട്ട്. 18 പന്തിൽ 6 സിക്‌സും ഒരു ഫോറും പറത്തി 54 റൺസ് നേടി. ഹഫീസ് 19 പന്തിൽ 31 റൺസ് എടുത്തു. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ 189 റൺസ് നേടി. ക്രിസ് ഗ്രീവിസ് 2 വിക്കറ്റ് വീഴ്ത്തി.
സ്കോട്ലാന്റിന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായി. 41 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ നിന്നും അർദ്ധസെഞ്ചുറി നേടിയ ബെരിങ്ങ്ടൺ ആണ് അവരെ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 117 എന്ന നിലയിൽ എത്തിച്ചത്. ബെരിങ്ങ്ടൺ പുറത്താകാതെ 54 റൺസ് നേടി. പാകിസ്ഥാന് വേണ്ടി ഷദാബ് ഖാൻ 2 വിക്കറ്റ് വീഴ്ത്തി. ഷോയിബ് മാലിക് ആണ് കളിയിലെ താരം.
സൂപ്പർ 12 ഘട്ടത്തിലെ അവസാന കളിയിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ന്യൂസിലാൻഡ് അഫ്‌ഗാനെ തോൽപ്പിച്ചതോടെ മത്സരത്തിന് പ്രസക്തിയില്ലാതായി.