സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമാ സ്റ്റുഡിയോസ് കൈകോർക്കുന്നു
മലയാള സിനിമകളുടെ വിതരണത്തിനായി പനോരമ സ്റ്റുഡിയോസ് മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ കൂട്ടുകെട്ടിന്റെ ആദ്യ റിലീസായി റഹ്മാനും ഭാവനയും പ്രധാന വേഷങ്ങളിലെത്തുന്ന ‘അനോമി’ ജനുവരി 30ന് സെഞ്ചുറി ഫിലിംസ് പ്രദർശനത്തിനെത്തിക്കും. തുടർന്ന് ആസിഫ് അലി അഭിനയിക്കുന്ന ‘ടിക്കി ടാക്കാ’, കുഞ്ചാക്കോ ബോബൻ,ലിജോമോൾ ജോസ് എന്നിവർ അഭിനയിക്കുന്ന ‘പ്രൊഡക്ഷൻ നമ്പർ 3’ ഉൾപ്പെടെ പനോരമ സ്റ്റുഡിയോസിന്റെ നിരവധി നിർമാണ ചിത്രങ്ങൾ സെഞ്ചുറി ഫിലിംസ് കേരളത്തിലെ തിയറ്ററിലെത്തിക്കും.
സെഞ്ചുറി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്നത് മലയാള സിനിമാ രംഗത്തെ മുതിർന്ന നിർമാതാവ് സെഞ്ചുറി കൊച്ചുമോനാണ്. 1970കളുടെ മധ്യത്തിൽ അദ്ദേഹം സ്ഥാപിച്ച സെഞ്ചുറി ഫിലിംസ് ദക്ഷിണേന്ത്യൻ സിനിമയിൽ ഏറ്റവും വിശ്വാസയോഗ്യവും സ്വാധീനമുള്ളതുമായ ബാനറുകളിലൊന്നായി ഇതിനോടകം മാറിക്കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച സെഞ്ചുറി ഫിലിംസ് നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് പിന്തുണ നൽകിയിട്ടുമുണ്ട്. മോഹൻലാൽ, മമ്മൂട്ടി എന്നിവരടക്കമുള്ള മലയാളത്തിലെ സൂപ്പർ താരങ്ങൾ സെഞ്ചുറി ഫിലിംസിന്റെ ബാനറിൽ അഭിനയിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലുടനീളം സെഞ്ചുറി ഫിലിംസിനുള്ള സ്വാധീനവും പ്രാദേശിക പ്രേക്ഷകരെക്കുറിച്ചുള്ള ബോധവും, കേരളത്തിലുടനീളമുള്ള തിയറ്ററുകളുമായും എക്സിബിറ്റർമാരുമായും ഉള്ള ദീർഘകാല ബന്ധങ്ങളുമാണ് പനോരമ സ്റ്റുഡിയോസിനെ സെഞ്ചുറി ഫിലിംസുമായുള്ള പങ്കാളിത്തത്തിലേക്ക് നയിച്ചത്. വിശ്വാസ്യതയും സ്ഥിരതയും കൊണ്ട് പ്രശസ്തമായ വിതരണ ശൃംഖലയുടെ ഉടമകളായ സെഞ്ചുറി ഫിലിംസ്, കേരളത്തിലെ ഏറ്റവും വിശ്വസനീയമായ വിതരണ സ്ഥാപനങ്ങളിലൊന്നാണ്.

