ലോകകപ്പ് യോഗ്യതയില്‍ പോർച്ചുഗലിനും ഡെൻമാർക്കിനും വിജയം; ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ച് ബോസ്നിയ

ലോകകപ്പ് യോഗ്യത മത്സരങ്ങൾ പുരോഗമിക്കെ വമ്പൻ ടീമുമായി ഇറങ്ങിയ ലോകചാമ്പ്യൻമാരായ ഫ്രാൻസിനെ ബോസ്നിയ ഹെർസഗോവിന സമനിലയിൽ തളച്ചു. കരീം ബെൻസേമ, കിലിയൻ എംബാപ്പോ, ഗ്രീസ്മൻ, പോഗ്ബ, റാഫേൽ വരാനേ തുടങ്ങിയ ക്ലബ് ഫുട്ബോളിലെ വലിയ താരങ്ങളെ അണിനിരത്തിയ ദിദിയർ ദെഷാംപ്സിന്റെ ടീമിനെ ഓരോ ഗോൾ സമനിലയിലാണ് ബോസ്നിയ തളച്ചത്.
സ്വപ്നതുല്യമായ ലൈനപ്പായിരുന്നു ഫ്രാൻസിന്റേത്. അത്ര തന്നെ മികച്ച റിസർവ് നിരയും. എന്നിട്ടും ബോസിനിയെയ മറികടക്കാൻ അവർക്കായില്ല. റോമയിൽ നിന്നും ഈ സീസണിൽ ഇന്റർമിലാനിലെത്തിയ എഡിൻ സെക്കോ കളിയുടെ മുപ്പത്തിയാറാം മിനിറ്റിൽ തന്നെ ഗോളടിച്ചു. എന്നാൽ മൂന്ന് മിനിറ്റിനിപ്പുറം ഗ്രീസ്മൻ ഫ്രാൻസിനു വേണ്ടി ഗോൾ മടക്കി. രണ്ടാം പകുതിയിൽ ഫ്രാൻസ് പത്ത് പേരായി ചുരുങ്ങി. അമ്പത്തിയൊന്നാം മിനിറ്റിൽ ജൂൺ കൊണ്ടേക്ക് ചുവപ്പുകാർഡ് കിട്ടി. ആക്രമിച്ചു കളിച്ചിട്ടും ഫ്രാൻസിന് പിന്നെ ഗോളടിക്കാൻ കഴിഞ്ഞില്ല.
പോർച്ചുഗൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അയർലാന്റിനെ തോൽപ്പിച്ചത്. കളിയുടെ പന്ത്രണ്ടാം മിനിറ്റിൽ റൊണാൾഡോ പെനാൽറ്റി പാഴാക്കി. എന്നാൽ നാൽപ്പത്തിയഞ്ചാം മിനിറ്റിൽ ജോൺ ഏഗൻ അയർലാന്റിനെ മുന്നിലെത്തിച്ചു. പിന്നീട് ഗോളിനായി പോർച്ചുഗൽ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല. എൺപത്തിയൊമ്പതാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോക റെക്കോർഡ് ഗോൾ പിറക്കുന്നത്. ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം ഗോളിച്ച താരമായി റൊണാൾഡോ മാറി. പിന്നാലെ എക്സ്ട്രാ ടൈമിന്റെ ആറാം മിനിറ്റിൽ വിജയഗോളും റൊണാൾഡോ നേടി.
ഡെൻമാർക്ക് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സ്ക്കോട്ട്ലാന്റിനെ തോൽപ്പിച്ചു. ഡാനിയേൽ വാസ്, യോക്കിം മെയ്ൽ എന്നിവരാണ് ഗോളുകൾ നേടിയത്. ലക്സംബർഗ് അസർബൈജാനിനേയും ഓസ്ട്രിയ മോൾഡോവയേയും ഇസ്രായേൽ ഫാറോ ഐലന്റ്സിനേയും തോൽപ്പിച്ചു. ലാത്വിയ, മാൾട്ട എന്നിവരും വിജയിച്ചപ്പോൾ നോർവെ- നെതർലാന്റ്സ് മത്സരവും തുർക്കി- മോണ്ടിനീഗ്രോ മത്സരവും റഷ്യ- ക്രേയേഷ്യയ, സ്ലോവാക്ക്യ- സ്ലോവാനിയ മത്സരവും സമനിലയിൽ പിരിഞ്ഞു.