കരാറുണ്ടായിട്ടും പ്രമോഷന് വന്നില്ല, ബിജു മേനോന്‍ കാരണം നിര്‍മാതാവിന് 25 ലക്ഷം നഷ്ടം: ബി. ഉണ്ണികൃഷ്ണന്‍
സിനിമകളുടെ പ്രമോഷനിൽ നിന്ന് പ്രമുഖ താരങ്ങൾ വിട്ടുനിൽക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ബി. ഉണ്ണികൃഷ്ണൻ. കരാറിൽ ഒപ്പിട്ട ശേഷം പ്രമോഷന് വരാതിരിക്കുന്നത് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നും നടൻ ബിജു മേനോന്റെ നിസ്സഹകരണം മൂലം ഒരു നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി .ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുതുക്കിയ സേവന കരാർ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടന്‍ പ്രമോഷന് ചെല്ലാത്തതു കൊണ്ട് ഒരു നിര്‍മാതാവിന്, അദ്ദേഹം സംവിധായകന്‍ കൂടെയാണ്, ഞങ്ങളുടെ മെമ്പറുമാണ്, 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്നും കിട്ടുന്നതില്‍ നിന്നും കുറഞ്ഞത്. ചെറിയൊരു തുകയാണോ അത്? അതേ നടന്‍ ഇപ്പോള്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷനും (വലതുവശത്തെ കള്ളൻ) പോയിട്ടില്ല. ഞാന്‍ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് പേര് പറയാനൊന്നും മടിയില്ല.
പ്രമോഷന്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറിലുള്ളതല്ലേ. ഞാന്‍ പറയുന്നത് ഞങ്ങളോട് വേതന വ്യവസ്ഥയില്‍ തര്‍ക്കിക്കുന്നതിന്റെ പത്ത് ശതമാനം കാര്‍ക്കശ്യം അവിടെ കാണിക്കൂവെന്നാണ്. സിനിമ പ്രെമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറില്‍ ഒപ്പിടുക. എന്നിട്ട് പോകാതിരിക്കുക. അതിന്റെ മുകളില്‍ ആ നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടം വരിക. ഇപ്പോള്‍ വന്ന സിനിമയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കറക്ട് ചെയ്യണം.’’– ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.
