സമരക്കാർ വീട്ടിൽ പോകണം; സി.ജെ.പി പ്രതിഷേധത്തിനെതിരെ പേളി മാണി
നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി പോസ്റ്റ് പങ്കുവെച്ച അവതാരകയും യൂറ്റ്യൂബറുമായ പേളി മാണിക്കെതിരെ രൂക്ഷ വിമർശനം. വിദ്യാർഥികളുടെ സുരക്ഷയിൽ ആശങ്ക പങ്കുവെക്കുന്നു എന്ന് പറഞ്ഞുകൊണ്ട് പേളി പങ്കുവെച്ച പോസ്റ്റിലാണ് ആളുകൾ വിമർശനം ഉന്നയിച്ചത്. ഇതിൽ പ്രതികരിച്ചുകൊണ്ട് പേളിമാണി പങ്കുവെച്ച എഴുത്തും ഏറെ വിവാദങ്ങൾക്ക് കാരണമായി. പോസ്റ്റിൽ പേളി പറഞ്ഞ പല വാക്കുകളും സാഹചര്യം മനസ്സിലാക്കാതെയുള്ള പക്ഷം ചേരലാണെന്ന് പലരും വിമർശിച്ചു. മറുപടി പോസ്റ്റിൽ 'ഞാൻ പേളി മാണി എന്‍റെ ഇഷ്ട നിറം കാവിയാണ്, അത് നമ്മുടെ ഇന്ത്യൻ പതാകയിൽ വരുമ്പോഴാണ് എനിക്ക് കൂടുതൽ പ്രിയം' എന്ന് പേളി പറയുന്നുണ്ട്.
'കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വളരെ വേദനാജനകമായിരുന്നു. അത് നമ്മെ അൽപസമയം ഒന്നു ചിന്തിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ യുവാക്കളുടെ ശക്തിയും ഐക്യവും നിശ്ചയദാർഢ്യവും നാം നേരിട്ടു കണ്ടു. വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും പരുക്കേറ്റ സംഘർഷങ്ങളുടെ ഹൃദയഭേദകമായ ചിത്രങ്ങളും വിഡിയോകളും ഞാൻ കണ്ടു. അത് എന്നിൽ ചില മാറ്റങ്ങൾ സൃഷ്ടിച്ചു.
എന്റെ മനസ്സിൽ ആകെ വന്ന ഒരേയൊരു ചിന്ത... ദയവായി ആർക്കും പരുക്കേൽക്കരുത്. എല്ലാവരും സുരക്ഷിതരായിരിക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെങ്കിൽ, ദയവായി വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ മാത്രം വലിയൊരു ലക്ഷ്യവുമില്ല.
ഓരോ വിദ്യാർഥിയും ആരുടെയെങ്കിലും മകനോ മകളോ ആണ്. ആരുടെയൊക്കെയോ സ്വപ്നമാണ്, അവരുടെ ലോകമാണ്. മറ്റനേകം ആളുകളെപ്പോലെ കൂടുതൽ സുതാര്യവും നീതിയുക്തവും ഓരോ കുട്ടിക്കും വിജയിക്കാൻ തുല്യ അവസരം നൽകുന്നതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ വിദ്യാർഥികൾ അർഹിക്കുന്നുണ്ടെന്ന് ഞാനും വിശ്വസിക്കുന്നു. അവരുടെ ശബ്ദം കേൾക്കപ്പെടണം, സമാധാനപരമായി തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ അവർക്ക് സുരക്ഷിതത്വം അനുഭവപ്പെടണം.
