രഞ്ജി ട്രോഫി ഫൈനൽ:വിദർഭക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളം പൊരുതുന്നു; 3 വിക്കറ്റ് നഷ്ടം

 | 
vidarva

 രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ കേരളം നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുന്നു. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ്. 66 റണ്‍സുമായി ആദിത്യ സര്‍വാതെയും ഏഴ് റണ്‍സുമായി ക്യാപ്റ്റൻ സച്ചിന്‍ ബേബിയും ക്രീസില്‍. വിദര്‍ഭക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ ഏഴ് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന് ഇനിയും 249 റണ്‍സ് കൂടി വേണം. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലിന്‍റെയും അക്ഷയ് ചന്ദ്രന്‍റെയും അഹമ്മദ് ഇമ്രാന്‍റെയും വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ദിനം നഷ്ടമായത്. വിദര്‍ഭക്കായി ദര്‍ശന്‍ നാല്‍ക്കണ്ഡെ രണ്ടും യാഷ് താക്കൂര്‍ ഒരു വിക്കറ്റും നേടി.

വിദര്‍ഭയെ 379 ല്‍ പിടിച്ചുകെട്ടിയ ആവേശത്തില്‍ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ദര്‍ശന്‍ നാല്‍ക്കണ്ഡെയുടെ ഓവറിലെ അഞ്ചാം പന്തില്‍ രോഹന്‍ കുന്നുമ്മല്‍(0) ബൗള്‍ഡായി മടങ്ങി. തന്‍റെ രണ്ടാം ഓവറിലും വിക്കറ്റ് വീഴ്ത്തിയ നാല്‍ക്കണ്ഡെ കേരളത്തെ ബാക്ക് ഫൂട്ടിലാക്കി. 11 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ സഹിതം 14 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെയാണ് നാല്‍ക്കണ്ഡെ മടക്കിയത്. ഇതോടെ 14-2ലേക്ക് വീണ കേരളം പൂര്‍ണമായും പ്രതിരോധത്തിലായി.

എന്നാല്‍ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് പകരം ഇറങ്ങിയ അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് മുന്‍ വിദര്‍ഭ താരം കൂടിയായ ആദിത്യ സര്‍വാതെ പൊരുതിയതോടെ കേരളം ഭേദപ്പെട്ട സ്കോറിലെത്തി. 90 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സര്‍വാതെ അഹമ്മദ് ഇമ്രാനുമൊത്ത് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തെ 100 കടത്തി. എന്നാല്‍ തൊട്ടുപിന്നാലെ അഹമ്മദ് ഇമ്രാനെ(37) പുറത്താക്കി യാഷ് താക്കൂര്‍ വിദര്‍ഭയ്ക്കായി മുന്‍തൂക്കം തിരിച്ചുപിടിച്ചു. പിന്നീടെത്തി ക്യാപ്റ്റൻ സച്ചിന്‍ ബേബിയെ കൂട്ടപിടിച്ച് സര്‍വാതെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ  കേരളത്തെ 131ല്‍ എത്തിച്ചു. 120 പന്തില്‍ 10 ബൗണ്ടറികളോടെയാണ് സര്‍വാതെ 66 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നത്.

നേരത്തെ നാല് വിക്കറ്റിന് 254 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയെ 379 റണ്‍സിന് പുറത്താക്കിയാണ് കേരളം ശക്തമായി തിരിച്ചുവന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ എം ഡി നിധീഷും ഏദന്‍ ആപ്പിൾ ടോമും  രണ്ട് വിക്കറ്റെടുത്ത എന്‍ പി ബേസിലും ഒരു വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ് കേരളത്തിന്‍റെ തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്.

രണ്ടാം ദിനം തുടക്കത്തിലെ ബ്രേക്ക്‌ ത്രൂ നേടിയാണ് കേരളം മത്സരത്തില്‍ തിരിച്ചെത്തിയത്. വിദര്‍ഭയുടെ സെഞ്ചുറിവീരന്‍ ഡാനിഷ് മലേവാറിനെ എന്‍ പി ബേസില്‍ ബൗള്‍ഡാകകുകയായിരുന്നു. 285 പന്തുകള്‍ നേരിട്ട മലേവാര്‍ 15 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 153 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ ഇന്നലത്തെ നൈറ്റ് വാച്ച്‌മാന്‍ യാഷ് താക്കൂറിനെ ബേസില്‍ എല്‍ബിയിലും കുടുക്കി. യാഷ് 60 പന്തില്‍ 25 റണ്‍സ് പേരിലാക്കി. പിന്നാലെ യഷ് റാത്തോഡിനെ (3*) ബേസിലും അക്ഷയ് കനെവാറിനെ(12) ജലജ് സസ്കേനയും പുറത്താക്കി.

ക്യാപ്റ്റന്‍ അക്ഷയ് വാഡ്കറെ(23) ഏദന്‍ ആപ്പിള്‍ ടോം പുറത്താക്കിയതോടെ വിദര്‍ഭ 335-9ലേക്ക് വീണെങ്കിലും പതിനൊന്നമനായി ക്രീസിലിറങ്ങിയ നചികേത് ഭൂതെ തകര്‍ത്തടിച്ചതോടെ വിദര്‍ഭ വിലപ്പെട്ട 44 റണ്‍സ് കൂടി അവസാന വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. 38 പന്തില്‍ 32 റണ്‍സെടുത്ത നചികേത് ഭൂതെ ഒരു ഫോറും രണ്ട് സിക്സും പറത്തി. ഒടുവില്‍ നചികേതിനെ പുറത്താക്കി എം ഡി നിധീഷാണ് വിദര്‍ഭയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.