റയലിനും ബയേണിനും ജയം, ബാഴ്‌സക്ക് തോല്‍വി; പിഎസ്ജിക്ക് സമനില

 | 
Football

യൂറോപ്പിലെ വിവിധ ലീഗുകളില്‍ നടന്ന മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യുണിക്, മിലാന്‍, ഇന്റര്‍ മിലാന്‍, അറ്റ്‌ലാന്റ തുടങ്ങിയവര്‍ ജയിച്ചപ്പോള്‍ ബാഴ്‌സയും അത്ലറ്റികോ മാഡ്രിഡും നപ്പോളിയും റോമയും തോറ്റു. പിഎസ്ജി സമനിലയില്‍ കുരുങ്ങി. ലാ ലീഗായില്‍ റയല്‍ ബെറ്റിസ് ആണ് ബാഴ്സയെ തോല്‍പ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ തോറ്റത്. സോസിദാദിനെ എതിരില്ലാത്ത2 ഗോളിന് തകര്‍ത്ത് റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. വിനീഷ്യസ് ജൂനിയര്‍, ലുക്കാ ജോവിക് എന്നിവര്‍ ഗോള്‍ നേടി. 

വിയ്യ റയലിനെ തോല്‍പ്പിച്ചു സെവിയ്യയും, അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചു മല്ലോര്‍ക്കയും വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കി. ഗ്രനാഡയും വിജയം കണ്ടു. ലീഗില്‍ ഇപ്പോള്‍ 16 കളികളില്‍ നിന്നും 39 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്ത് ആണ്. രണ്ടാം സ്ഥാനത്ത് 31 പോയിന്റ് നേടിയ സെവിയ്യ, 30 പോയിന്റ് ഉള്ള ബെറ്റിസ് ആണ് മൂന്നാം സ്ഥാനത്ത്. ബാഴ്‌സ ഏഴാം സ്ഥാനത്ത് ആണ്. 

ജര്‍മ്മന്‍ ലീഗില്‍  ബയേണ്‍ ശനിയാഴ്ച ഡോര്‍ട്ട്മുണ്ടിനെ 2 നെതിരെ 3 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ലെവന്‍ഡോവ്സ്‌കിയുടെ ഇരട്ട ഗോളും കിങ്‌സ്ലി കോമന്‍ നേടിയ ഗോളും ബയേണിനെ വിജയിപ്പിച്ചപ്പോള്‍ ജൂലിയന്‍ ബ്രാന്‍ഡ്, ഹാലണ്ട് എന്നിവര്‍ ഡോര്‍ട്ട്മുണ്ടിനായി സ്‌കോര്‍ ചെയ്തു. 

പാട്രിക് ഷിക്ക് 4 ഗോള്‍ നേടിയ കളിയില്‍ ഫുര്‍ത്തിനെ ഒന്നിനെതിരെ 7 ഗോളുകള്‍ക്ക് തകര്‍ത്ത് ലെവര്‍കൂസന്‍ വന്‍ വിജയം ആഘോഷിച്ചു. രണ്ടാം പകുതിയില്‍ ആയിരുന്നു ഷിക്കിന്റെ നാല് ഗോളും. ബയേണ്‍ ലീഗില്‍ 14 കളികളില്‍ നിന്ന് 34 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 30 പോയിന്റ് ഉള്ള ഡോട്ടമുണ്ട് രണ്ടാമതും 27 പോയിന്റ് നേടി ലെവര്‍കൂസന്‍ മൂന്നാം സ്ഥാനത്തും ഉണ്ട്. 

സിരി എയില്‍  എസി മിലാന്‍ ഒന്നാം സ്ഥാനത്തേയ്ക്ക് കയറി. 16 കളികള്‍ കഴിഞ്ഞപ്പോള്‍ 38 പോയിന്റ് മിലാന് ഉണ്ട്. രണ്ടാം സ്ഥാനത്ത് 37 പോയിന്റുമായി ഇന്റര്‍ ആണ്. ശനിയാഴ്ച നടന്ന കളിയില്‍ എതിരില്ലാത്ത 3 ഗോളിന് ഇന്റര്‍ റോമയെ തോല്‍പ്പിച്ചു. 2 നെതിരേ 3 ഗോളുകള്‍ക്ക് നപ്പോളിയെ അറ്റലാന്റ തോല്‍പ്പിച്ചു. 

ജോര്‍ജിയോ വൈനാള്‍ഡാം 94 മിനിറ്റില്‍ നേടിയ ഗോള്‍ ആണ് പിഎസ്ജിക്ക് സമനില നേടിക്കൊടുത്തത്. റാസിങ് ക്ലിബ്ബ് ദി ലോഗിന്റെ ഗോള്‍ സെക്കോ ഫോഫാന നേടി. പിഎസ്ജി തന്നെ ആണ് ഇവിടെ മുന്നില്‍.