മാഡ്രിഡ് ഡെർബിയിൽ റയൽ; ബാഴ്സക്ക് സമനില, പിഎസ്‌ജിക്ക് വിജയം

 | 
Real
 

മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിന് വിജയം. കരീം ബെൻസെമ, അസെൻസിയോ എന്നിവരുടെ ഗോളുകളാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചത്. റയലിന്റെ തുടർച്ചയായ 10ആം വിജയമാണിത്. 16ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ പാസ്സിൽ നിന്നാണ് ബെൻസെമ ഗോൾ കണ്ടെത്തിയത്. 57ആം മിനിറ്റിൽ വിനീഷ്യസിന്റെ തന്നെ അസിസ്റ്റിലാണ് അസെൻസിയോ ഗോൾ നേടിയത്. ഇതോടെ ലാലീഗയിൽ രണ്ടാം സ്ഥാനത്തുള്ള സെവിയ്യയേക്കാൾ 8 പോയിന്റ് ലീഡ് ആയി റയലിന്. 

പുതിയ പരിശീലകൻ ചാവിക്ക് കീഴിയിലും ബാഴ്സലോണക്ക് വലിയ മാറ്റം വന്നിട്ടില്ല. അവസാന നിമിഷത്തിൽ വഴങ്ങിയ ഗോൾ ഒസ്സാസുനക്ക് എതിരായ കളിയിൽ അവരെ സമനിലയിൽ തളച്ചു. ഇരു ടീമും 2 ഗോൾ വീതം നേടി. നിക്കോളാസ് ഗോൺസാലസ്, അബ്ദേസമദ് എസാൽസോലി എന്നിവർ ബാഴ്‌സലോണക്ക് വേണ്ടി ഗോൾ നേടിയപ്പോൾ ഡേവിഡ് ഗാർസിയ, സെക്വേൽ ആവിയ എന്നിവർ ആതിഥേയർക്ക്  വേണ്ടി സ്കോർ ചെയ്തു. റയലിന് 15 പോയിന്റ് താഴെ എട്ടാം സ്ഥാനത്താണ് ബാഴ്‌സ. 


കിലിയൻ എംബപ്പേ നേടിയ ഇരട്ട ഗോളിൽ മൊണാക്കോയെ തോൽപ്പിച്ച് പിഎസ്‌ജി ലീഗ് വണ്ണിൽ മുന്നേറ്റം തുടരുന്നു. 16 മിനിറ്റിൽ പെനാൽറ്റി ഗോളും 45ആം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നേടിയ ഗോളും എംബപ്പേയെ ലീഗ് വണ്ണിൽ ആകെ ഗോൾ നേട്ടം 100ൽ എത്തിച്ചു. 18 കളി കഴിഞ്ഞപ്പോൾ പിഎസ്‌ജിക്ക് 45 പോയിന്റ് ഉണ്ട്. രണ്ടാം സ്ഥാനത്ത് ഉള്ള മാസെക്ക് 17 കളിയിൽ നിന്ന് 32 പോയിന്റ് ആണ് ഉള്ളത്. 

സിരി എയിൽ ഇന്റർ മിലാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. കാഗ്‌ലിയാരിയെ എതിരില്ലാത്ത 4 ഗോളുകൾക്ക് ആണ് അവർ തോൽപ്പിച്ചത്. മർട്ടിനെസ് 2 ഗോളും അലെക്സി സാഞ്ചസ് , ഹകൻ എന്നിവർ ഓരോ ഗോളും നേടി. 17 കളി കഴിഞ്ഞപ്പോൾ ഇന്റർ 40, മിലാൻ 39 പോയിന്റും അറ്റ്ലാന്റ 37ഉം നപ്പോളി 36ഉം പോയിന്റ് നേടി. 

പ്രീമിയർ ലീഗിൽ ലെസ്റ്റർ, ക്രിസ്റ്റൽ പാലസ് എന്നിവർ ജയിച്ചപ്പോൾ വെസ്റ്റ്ഹാം സമനിലയിൽ കുടുങ്ങി. ലെസ്റ്റർ എതിരില്ലാത്ത 4 ഗോളിന് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചു. ക്രിസ്റ്റൽ പാലസ് ഒന്നിനെതിരെ 3 ഗോളിന് എവർട്ടണെ തോൽപ്പിച്ചു. വെസ്റ്റ്ഹാം- ബേർണലി മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.