സമനിലയിൽ കുരുങ്ങി റയൽ, മാൻയു,യുവന്റസ്. ചെൽസിക്കും ബയേണിനും ജയം
യൂറോപ്യൻ ലീഗുകളിലെ വാരാന്ത്യ മത്സരങ്ങളിൽ ചെൽസിക്കും ബയേണിനും അത്‍ലറ്റിക്കോ മാഡ്രിഡിനും ജയം. അതേസമയം ഞായറാഴ്ച്ച നടന്ന മത്സരങ്ങളിൽ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നിവർ സമനിലയിൽ കുരുങ്ങി. ചെൽസിക്കായി കളിക്കാനിറങ്ങിയ റൊമേലു ലുക്കാക്കു ഗോളോടെ രണ്ടാം വരവ് ഗംഭീരമാക്കി.
പ്രീമിയർ ലീഗ്
ആഴ്സണലിനെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്. ഒരു ഗോളടിച്ചും ഒരു അസിസ്റ്റൻസ് നൽകിയും റീസേ ജെയിംസ് തിളങ്ങിയ കളിയിൽ പതിനഞ്ചാം മിനിറ്റിൽ തന്നെ ലുക്കാക്കു ഗോളടിച്ചു. മുപ്പത്തിയഞ്ചാം മിനിറ്റിലാണ് മേസൻ മൗണ്ടിന്റെ പാസിൽ നിന്നും ജെയിംസ് ഗോൾ നേടിയത്. ഇതോടെ രണ്ട് കളിയിൽ നിന്നും ചെൽസിക്ക് 6 പോയിന്റായി. ആഴ്സണലാകട്ടെ ആദ്യ രണ്ട് മത്സരവും തോൽക്കുകയും ചെയ്തു.
മാഞ്ചസ്റ്റർ യുണൈറ്റ‍് എവേ മത്സരത്തിൽ സൗത്താപ്റ്റണുമായിട്ടാണ് സമനിലയിലായത്. മുപ്പതാം മിനിറ്റിൽ ഫ്രെഡിന്റെ ഓൺ ഗോളും അമ്പത്തിയഞ്ചാം മിനിറ്റിൽ മേസൺ ഗ്രീൻവുഡിന്റ ഗോളുമാണ് മത്സരത്തിൽ പിറന്നത്. പോഗ്ബയുടെ അസിസ്റ്റിലാണ് ഗ്രീൻ വുഡിന്റെ ഗോൾ.
ലീഗിലെ രണ്ടാം കളിയിലും വിജയിച്ച് ടോട്ടനം ഹോട്ട്സ്പർസും പോയന്റ് പട്ടികയിൽ മുന്നിൽ കയറി. ആദ്യ മത്സരത്തിൽ സിറ്റിയെ പരാജയപ്പെടുത്തിയ സ്പർസ് എതിരില്ലാത്ത ഒരു ഗോളിന് വൂൾവ്സിനെയാണ് തോൽപ്പിച്ചത്. ദലേ അലി ആണ് പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തിയത്. എഴുപത്തിരണ്ടാം മിനിറ്റിൽ ഹാരി കെയ്ൻ കളിക്കാനിറങ്ങി.
ലാലീഗ
ലാലീഗയിൽ റയൽ മാഡ്രിഡിനെ ലവാന്റെയാണ് സമനിലയിൽ പിടിച്ചത്. ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി. വനീഷ്യസി ജൂനിയറിന്റെ ഇരട്ട ഗോളുകളും ഗരത്ത് ബെയിലിന്റെ തിരിച്ചുവരൽ ഗോളുമാണ് റയലിനെ രക്ഷിച്ചെടുത്തത്. ആദ്യം ലീഡ് എടുത്തെങ്കിലും രണ്ടു തവണ പിന്നിട്ടു നിന്ന ശേഷമാണ് റയൽ തിരിച്ചു കയറിയത്. റോജർ മാർട്ടി, ജോസ് കമ്പാന, റോബി പിയർ എന്നിവർ ലവാന്റെയുടെ ഗോളുകൾ നേടി.
നിലവിലെ ജേതാക്കളായ അത്‍ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് എൽഷേെ തോൽപ്പിച്ചു. എയ്ഞ്ചൽ കൊറേയയാണ് ഗോൾ നേടിയത്. ഇതോടെ ലീഗിലെ ആദ്യ രണ്ട് കളികളിലും ജയിച്ച് അത്‍ലറ്റിക്കോ മാഡ്രിഡ് പോയിന്റ് പട്ടികയിൽ മുന്നിലെത്തി.
ബുഡേസ്ലീഗ
ബയൺ മ്യൂണിക്ക് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊളോൺ എഫ്സിയെ തോൽപ്പിച്ചത്. സെർജി ഗനാബ്രിയുടെ ഇരട്ട ഗോളും ലവന്റേവ്സക്കിയുടെ ഗോളുമാണ് ബയേണിന്റെ വിജയം ഉറപ്പിച്ചത്. ആദ്യ കളി സമനിലയിൽ കുടുങ്ങിയ ബയേണിന് രണ്ട് മത്സരത്തിൽ നിന്നും നാല് പോയിന്റായി. ഹോഫൻഹെയ്മും എഫ്സി ബർലിനും തമ്മിലുള്ള മത്സരം സമനിലയിലായി. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
സിരി എ
ഇറ്റാലിയൻ ലീഗിൽ കരുത്തരായ യുവന്റസ് സമനിലയിൽ കുരുങ്ങി. രണ്ട് ഗോളുകൾ നേടി മുന്നിട്ടു നിന്ന ശേഷമാണ് റയൽ , ഉഡിനസുമായി സമനില വഴങ്ങിയത്. മൂന്നാം മിനിറ്റിൽ പൗളോ ഡിബാലയും ഇരുപത്തിമൂന്നാം മിനിറ്റിൽ യുവാൻ ക്വാഡ്രാഡോയുമാണ് ഗോളടിച്ചത്. എന്നാൽ അമ്പത്തിഒന്നാം മിനിറ്റിൽ റോബർട്ടോ പെരേര പെനാൽറ്റിയിലൂടേയും എൺപത്തിമൂന്നാം മിനിറ്റിൽ ജറാൾ ദിയേഫുവും ഉഡിനിസിനു വേണ്ടി ഗോളടിച്ചു.