ഋഷഭ് പന്തിന് സെഞ്ച്വറി; കേപ്ടൗണിൽ ദക്ഷിണാഫ്രിക്കക്ക് 212 റൺസ് വിജയ ലക്ഷ്യം
വിമർശകരുടെ നാവടക്കിയ സെഞ്ച്വറി പ്രകടനവുമായി ഋഷഭ് പന്ത് കേപ്ടൗൺ ടെസ്റ്റിൽ സെഞ്ച്വറി നേടി. ഈ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ 212 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ട് വച്ചു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 198 റൺസിന് അവസാനിച്ചു. 139 പന്തിലാണ് ഋഷഭ് പുറത്താവാതെ 100 റൺസ് നേടിയത്. പന്തിനു പുറമെ 29 റൺസെടുത്ത നായകൻ കോഹ്‍ലി മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജൻസൻ 4ഉം എൻഗിഡി, റബാദ എന്നിവർ 3 വിക്കറ്റും വീഴ്ത്തി.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് 9 റൺസെടുത്ത പുജാരയെ ആദ്യം നഷ്ടമായി. തൊട്ടുപിന്നാലെ 1 റണ്ണുമായി രഹാനെ മടങ്ങി. പന്തും കോഹ്‍ലിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും എൻഗിഡി ഇന്ത്യൻ മധ്യനിരയെ തകർത്തു. കോഹ്‍ലി- പന്ത് സഖ്യം 94 റൺസ് നേടി. കളി ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.