രോഹിത് ശർമ്മ വിവാഹിതനാകുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ (28) വിവാഹിതനാകുന്നു. തന്റെ സുഹൃത്തും സ്പോർട്സ് ഇവന്റ് മാനേജരുമായ റിതിക സജ്ദേയെ (28) ആണ് രോഹിത് തന്റെ ജീവിതസഖിയാക്കാൻ ഒരുങ്ങുന്നത്.
 | 
രോഹിത് ശർമ്മ വിവാഹിതനാകുന്നു

 

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ (28) വിവാഹിതനാകുന്നു. തന്റെ സുഹൃത്തും സ്‌പോർട്‌സ് ഇവന്റ് മാനേജരുമായ റിതിക സജ്‌ദേയെ (28) ആണ് രോഹിത് തന്റെ ജീവിതസഖിയാക്കാൻ ഒരുങ്ങുന്നത്. റിതികയോട് രോഹിത് വിവാഹാഭ്യർത്ഥന നടത്തി.

ഇരുവരും ഒന്നിച്ചുള്ള ചിത്രവും രോഹിത് ട്വീറ്റ് ചെയ്തിട്ടുണ്ട്. ബോറിവലി സ്‌പോർട്‌സ് ക്ലബ്ബിൽ വച്ചാണ് രോഹിത് റിതികയോട് പ്രണയാഭ്യർത്ഥന നടത്തിയത്. രോഹിത് അണിയിച്ച മോതിരം ഉയർത്തിപ്പിടിച്ചാണ് റിതിക സെൽഫിക്ക് പോസ് ചെയ്തിരിക്കുന്നത്.റിതികയും രോഹിതും കഴിഞ്ഞ ആറ് വർഷമായി സുഹൃത്തുക്കളാണ്. രോഹിത്തിന്റെ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് റിതികയാണ്.

ഏകദിന ക്രിക്കറ്റിലെ ഉയർന്ന സ്‌കോർ നേടിയ വ്യക്തി എന്ന റെക്കോർഡിനുടമയാണ് രോഹിത്. ഈഡൻ ഗാർഡൻസിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ നേടിയ 264 റൺസാണ് രോഹിതിനെ ഈ നേട്ടത്തിനുടമയാക്കിയത്. ഏപ്രിലിൽ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയും തന്റെ ബാല്യകാല സുഹൃത്തായ പ്രിയങ്ക ചൗധരിയെയാണ് വിവാഹം കഴിച്ചത്.