രോഹിത് ശർമയ്ക്ക് ക്രിക്കിൻഫോ അവാർഡ്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്ക്ക് ഇ.എസ്.പി.എൻ ക്രിക്കിൻഫോ അവാർഡ്. 2014ലെ ഏറ്റവും മികച്ച ഏകദിന ബാറ്റിങ് പ്രകടനത്തിനുള്ള അവാർഡാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നേടിയ 264 റൺസെന്ന തകർപ്പൻ പ്രകടനമാണ് ഈ പുരസ്‌കാരം നേടിക്കൊടുത്തത്. ഇതേ പുരസ്‌കാരം 2013ലും രോഹിത് സ്വന്തമാക്കിയിരുന്നു. ഏകദിനത്തിൽ രണ്ട് ഇരട്ട സെഞ്ചറികൾ നേടിയിട്ടുളള ആദ്യ ക്രിക്കറ്റ് താരമാണ്
ശ്രീലങ്കയുടെ ലസിത് മലിംഗയേയും ഓസ്‌ട്രേലിയയുടെ മിച്ചൽ ജോൺസണിനേയും മികച്ച ഏകദിന ബോളിങ് പ്രകടനത്തിന്റ പേരിൽ ആദരിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരായി 56 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് എടുത്ത മലിംഗയുടെയും ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായി 68 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് നേടിയ മിച്ചലിന്റെയും പ്രകടനമാണ് മികച്ചതായി വിലയിരുത്തപ്പെട്ടത്. ഇന്ത്യക്കെതിരെ ന്യൂസിലന്റ് താരം ബ്രണ്ടൻ മക്കല്ലത്തിന്റെ 302 റൺസ് നേട്ടം മികച്ച ടെസ്റ്റ് ബാറ്റിങ് പ്രകടനമായും തെരഞ്ഞെടുക്കപ്പെട്ടു.
ട്വന്റി20 മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്ൽസ് പുറത്താകാതെ നേടിയ 116 റൺസും ന്യൂസിലന്റിനെതിരെ ശ്രീലങ്കയുടെ രങ്കണ ഹെറാത്തിന്റെ മൂന്നു റൺസിന് അഞ്ചു വിക്കറ്റുമാണ് മികച്ച പ്രകടനങ്ങളായി തെരഞ്ഞെടുത്തത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ്, ഇയാൻ ചാപ്പൽ, റിക്കി പോണ്ടിങ്, അജിത് അഗാർക്കർ രമീസ് രാജ, മൈക്കിൾ ബെവൻ തുടങ്ങിയ പ്രമുഖ താരങ്ങളുൾപ്പെട്ട ജൂറിയാണ് മികച്ച കളിക്കാരെ തെരഞ്ഞെടുത്തത്.