വീണ്ടും രക്ഷകനായി റൊണാൾഡോ; ചാമ്പ്യൻസ് ലീഗിൽ തോൽവിയിൽ നിന്നും യുണൈറ്റഡിനെ രക്ഷിച്ചു

നൂറാം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ  ലെവെന്റൊവ്സ്കിക്ക് ഹാട്രിക്
 | 
Ronaldo
 

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളിലെ നാലാം റൗണ്ടിൽ നിലവിലെ ജേതാക്കളായ ചെൽസി, ബയേൺ മ്യുണിക്ക്, ബാഴ്‌സലോണ, യുവന്റസ്, ലീൽ, വിയ്യാറയൽ, വൂൾഫ്‌സ്ബർഗ് എന്നീ ടീമുകൾ വിജയിച്ചു. ഇറ്റാലിയൻ ടീം അറ്റ്ലാന്റയോട് തോൽവിയുടെ വക്കിൽ നിന്നും അവസാന നിമിഷം സമനില പിടിച്ചു മാഞ്ചസ്റ്റർ യുണൈറ്റഡ് രക്ഷപെട്ടു. റൊണാൾഡോയുടെ ഗോളിലാണ് മാൻ യു സമനില നേടിയത്.

12ആം മിനിറ്റിൽ ഇല്ലിസിച്ചിലൂടെ അറ്റ്ലാന്റ ലീഡ് എടുത്തു. എന്നാൽ ഒന്നാം പകുതിയുടെ ആദ്യ അധിക മിനിറ്റിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില പിടിക്കുന്നത്. ബ്രൂണോ ഫെർണാണ്ടസിന്റെ ബാക്ക് ഹീൽ പാസ്സിൽ നിന്നാണ് റൊണാൾഡോ ഗോൾ നേടിയത്. രണ്ടാം പകുതിയിലും അറ്റ്ലാന്റ നന്നായി കളിച്ചു. ദുവാൻ സാപറ്റ 56ആം മിനിറ്റിൽ വീണ്ടും അവരെ മുന്നിൽ എത്തിച്ചു. പരാജയം മണത്ത മാൻ യുവിന് വേണ്ടി റൊണാൾഡോ പിന്നെയും രക്ഷകനായി. 90 മിനിറ്റിനു ശേഷമുള്ള ഇഞ്ച്വറി ടൈമിലെ ആദ്യ മിനിറ്റിൽ ഗ്രീൻവുഡ് നൽകിയ അസിസ്റ്റിൽ റൊണാൾഡോയുടെ സമനില ഗോൾ. 

ഗ്രൂപ്പ് എഫിലെ മറ്റൊരു കളിയിൽ വിയ്യാറയൽ എതിരില്ലാത്ത 2 ഗോളിന് യങ് ബോയ്സിനെ തോൽപ്പിച്ചു. ഇതോടെ 4 കളികൾ കഴിഞ്ഞപ്പോൾ യുണൈറ്റഡിനും വിയ്യറയലിനും 7 പോയിന്റ് വീതം ഉണ്ട്. അറ്റ്ലാന്റക്ക് 5 പോയിന്റ് ആണ് ഉള്ളത്. 

സ്വീഡിഷ് ക്ലബ്ബ് ആയ മാൽമോ എഫ്എഫിനെയാണ് ചെൽസി തോൽപ്പിച്ചത്. ഹക്കീം സിയാച്ചാണ് ഏക ഗോൾ നേടിയത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു  കളിയിൽ യുവന്റസ് 2നെതിരേ 4 ഗോളുകൾക്ക് റഷ്യൻ ക്ലബായ സെനിത്തിനെ തോൽപ്പിച്ചു. പൗലോ ഡിബാല 2 ഗോളും കീസെ, മൊറാട്ട എന്നിവർ ഓരോ ഗോളും നേടി. ഗ്രൂപ്പ് എച്ചിൽ 4 കളി കഴിഞ്ഞപ്പോൾ നാലും ജയിച്ചു 12 പോയിന്റ് നേടി യുവെയാണ് മുന്നിൽ. ചെൽസി 9 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. 

ഗ്രൂപ്പ് ജിയിലെ കളിയിൽ ഫ്രഞ്ച് ക്ലബ്ബ് ലീൽ, ജർമ്മൻ ക്ലബ്ബ് വൂൾഫ്‌സ്ബർഗ് എന്നിവർ ജയിച്ചു. ലീൽ സെവിയ്യയേയും വൂൾഫ്‌സ്, സൽസ്ബർഗിനെയും തോൽപ്പിച്ചു. തൊട്ടു എങ്കിലും 4 കളികൾ കഴിഞ്ഞപ്പോൾ 7 പോയിന്റോടെ സാൽസ്ബർഗ് തന്നെ ആണ് മുന്നിൽ. 

ഗ്രൂപ്പ് ഇയിൽ  ബയേൺ മ്യൂണിക് 2നെതിരേ  5 ഗോളുകൾക്ക് ബെൻഫിക്കയെ തോൽപ്പിച്ചു. തന്റെ നൂറാം ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ലെവെന്റൊവ്സ്കി നേടിയ ഹാട്രിക് ആണ് കളിയുടെ പ്രത്യേക. ലിയോറെ സനെ, ഗനാബ്രി എന്നിവർ ഗോൾ നേടി. 

ഈഗ്രൂപ്പിലെ മറ്റൊരു  കളിയിൽ ബാഴ്‌സലോണ ഉക്രൈൻ ക്ലബ്ബ് ഡൈനമോ കീവിനെ തോൽപ്പിച്ചു. അൻസു ഫാത്തി ആണ് കളിയിലെ ഏക ഗോൾ നേടിയത്. ഈ ഗ്രൂപ്പിൽ 4 കളികൾ കഴിഞ്ഞപ്പോൾ 12 പോയിന്റ് നേടി യുവന്റസ് ഒന്നാമതും 6 പോയിന്റ് നേടിയ ബാഴ്സ രണ്ടാം സ്ഥാനത്തും ആണ്.