റൊണാൾഡോ - ജോർജീന വിവാഹ വിഡിയോ പുറത്ത്

വോഗ് മാഗസിനാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്
 | 
Ronaldo Marriage

ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പ്രിയതമ ജോർജീന റോഡ്രിഗസും തമ്മിലുള്ള സ്വകാര്യ വിവാഹച്ചടങ്ങിന്റെ ആദ്യ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. 'വോഗ്' മാഗസിനാണ് ആരാധകരുടെ മനംനിറയ്ക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ആഗസ്റ്റ് പതിനൊന്നിന് പോർച്ചുഗലിലെ ലിസ്ബണിനടുത്തുള്ള കാഷ്കിസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആഡംബര വസതിയിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലെ വൈകാരിക മുഹൂർത്തങ്ങളാണ് വിഡിയോയിലുള്ളത്.

വിവാഹ റജിസ്റ്ററിൽ ഒപ്പുവെക്കുന്നതിന് തൊട്ടുമുൻപ് സന്തോഷാശ്രുക്കൾ പൊഴിക്കുന്ന ജോർജീനയും, അവരെ സ്നേഹത്തോടെ ചുംബിക്കുന്ന ക്രിസ്റ്റ്യാനോയുമാണ് വിഡിയോയിലെ ഏറ്റവും ഹൃദ്യമായ കാഴ്ച്ച. ധവളവസ്ത്രമണിഞ്ഞാണ് ഇരുവരും മക്കളും ചടങ്ങിനെത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളും, വജ്രാഭരണങ്ങളണിഞ്ഞ ജോർജീനയുടെ ചിത്രങ്ങളും വിഡിയോയിൽ മിന്നിമറയുന്നുണ്ട്. പള്ളിയിലെ പ്രാർഥനകളും മോതിരം കൈമാറുന്ന ചടങ്ങുകളും അതീവ സുന്ദരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. നേരത്തെ, മോതിരമണിഞ്ഞ കൈകളുടെ ചിത്രം പങ്കുവെച്ച് ഇരുവരും വിവാഹിതരായെന്ന സൂചന നൽകിയിരുന്നു.