എണ്ണൂറാം ​ഗോളടിച്ച് റൊണാൾഡോ; ആഴ്സണലിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ടോട്ടനാമിനും ജയം

 | 
utd

ഇരട്ട ​ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ തിളങ്ങിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെ രണ്ടിനെതിരെ മൂന്ന് ​ഗോളിന് തോൽപ്പിച്ചു. രാജ്യത്തിനും ക്ലബ്ബിനും വേണ്ടി റൊണാൾഡോ 800 ​ഗോൾ തികച്ച മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ്, സ്മിത്ത് റോവ്, ഓഡേ​ഗാർഡ്  എന്നിവരും സ്കോർ ചെയ്തു. 

കളിയുടെ 13ാം മിനിറ്റിലാണ് ആഴ്സണൽ ആദ്യ ​ഗോളടിക്കുന്നത്. സ്മിത്ത് റോവിന്റെ ഷോട്ട് വലയിലേക്ക് കയറുമ്പോൾ ​ഗോൾകീപ്പർ ഡേവിഡ് ​ഗിഹിയ പരിക്കേറ്റ് നിലത്ത് കിടക്കുകയായിരുന്നു. എന്നാൽ സ്വന്തം ടീമിലെ കളിക്കാരനുമായി ഇടിച്ചാണ് ​ഗോളി വീണത് എന്നതിനാൽ വി.എ.ആർ അത് ​ഗോളാണെന്ന് വിധിച്ചു. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്നെ ഫ്രെഡിന്റെ പാസിൽ നിന്നും ബ്രൂണോ ഫെർണാണ്ടസ് ​ഗോൾ നേടി. രണ്ടാം പകുതിയിൽ റാഷ്ഫോഡിന്റെ പാസിൽ നിന്നും ക്രിസ്റ്റ്യാനൊ റൊണാൾഡോ തന്റെ കരിയറിലെ 800ാം ​ഗോൾ നേടി. എന്നാൽ രണ്ട് മിനിറ്റുകൾക്കിപ്പുറം ഓഡേ​ഗാർഡ്  ആഴ്സണലിന് സമനില നേടിക്കൊടുത്തു. എഴുപതാം മിനിറ്റിൽ ഫ്രെഡ് വി.എ.ആർ വഴി സ്വന്തമാക്കിയ പെനാൽറ്റി റൊണാൾഡോ ​ഗോളാക്കി മാറ്റി.  14 കളികളിൽ നിന്നും അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ആഴ്സണലിന് 23 പോയിന്റും ഏഴാം സ്ഥാനത്ത് നിൽക്കുന്ന യുണൈറ്റഡിന് 21 പോയിന്റും ഉണ്ട്.

ബ്രന്റ്ഫോഡിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ടോട്ടനം ഹോട്സ്പർസ് തോൽപ്പിച്ചത്. ആദ്യ ​ഗോൾ ബീസിന്റെ വലത് വിങ്ങ് ബാക്ക് സെർജി കാനോസിന്റെ ഓൺ​ഗോൾ ആയിരുന്നെങ്കിൽ രണ്ടാം ​ഗോൾ നേടിയത് സൺ ഹ്യൂങ്  മിൻ ആണ്. 13 കളികളിൽ നിന്നും  22 പോയിന്റോടെ സ്പർസ് ആറാം സ്ഥാനത്താണ്.