അങ്കിത് കേസരിയുടെ നിര്യാണത്തിൽ അനുശോചിച്ച് സച്ചിൻ ടെൻഡുൽക്കർ
ന്യൂഡൽഹി: കളിക്കിടയിൽ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയ ബംഗാൾ ക്രിക്കറ്റ് താരം അങ്കിത് കേസരിയുടെ നിര്യാണത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ അനുശോചനം. അങ്കിതിന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും തങ്ങൾക്കേറ്റ നഷ്ടത്തെ നേരിടാൻ ദൈവം ശക്തി നൽകാൻ പ്രാർത്ഥിക്കുന്നതായി സച്ചിൻ തന്റെ ട്വിറ്റർ പേജിൽ കുറിച്ചു. ഭാവി വാഗ്ദാനമായിരുന്ന ചെറുപ്പക്കാരനെ നഷ്ടപ്പെട്ടത് ദൗർഭാഗ്യമാണെന്നും സച്ചിൻ കുറിച്ചു.
ഈ മാസം 17ന് സാൾട്ട് ലേക്ക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻസ് സീനിയർ നോക്കൗട്ട് മത്സരത്തിനിടെയാണ് അണ്ടർ 19 മുൻ നായകൻ അങ്കിത് കേസരിക്ക് പരിക്കേറ്റത്. മത്സരത്തിനിടെ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് അബോധാവസ്ഥയിൽ ഗ്രൗണ്ടിൽ വീണ അങ്കിതിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നു ദിവസം നീണ്ട ആശുപത്രിവാസത്തിന് ഒടുവിലാണ് അങ്കിത് മരണത്തിന് കീഴടങ്ങിയത്.