സുരക്ഷ പ്രധാനം! പാകിസ്ഥാന്‍ പര്യടനം ആദ്യ മാച്ചിന് തൊട്ടുമുന്‍പ് റദ്ദാക്കി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം

 | 
Pakistan-tour
പാകിസ്ഥാന്‍-ന്യൂൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പര അവസാന നിമിഷം റദ്ദാക്കി

റാവല്‍പിണ്ടി: പാകിസ്ഥാന്‍-ന്യൂൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പര അവസാന നിമിഷം റദ്ദാക്കി. റാവല്‍പിണ്ടിയില്‍ ആദ്യ ഏകദിനത്തിന് ടോസിടാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേയാണ് റദ്ദാക്കല്‍. ന്യൂസിലന്‍ഡ് ടീം പരമ്പരയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കിവീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

രണ്ടു പതിറ്റാണ്ടിന് ശേഷമാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ പര്യടനത്തിന് എത്തുന്നത്. റാവല്‍പിണ്ടിയിലും ലഹോറിലുമായി ഇന്നു മുതല്‍ ഒക്ടോബര്‍ മൂന്നു വരെ മത്സരങ്ങള്‍ നടത്താനായിരുന്നു പദ്ധതി. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമായിരുന്നു പരമ്പരയില്‍ ഉണ്ടായിരുന്നത്. ഇങ്ങനെ പര്യടനം ഉപേക്ഷിക്കുന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടിയാണെന്ന് മനസിലാക്കുന്നുണ്ടെങ്കിലും താരങ്ങളുടെ സുരക്ഷ പ്രധാനമായതിനാല്‍ പരമ്പരയില്‍ നിന്ന് പിന്‍മാറുകയാണെന്ന്  ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ എന്തു സുരക്ഷാ പ്രശ്‌നമാണ് ന്യൂസിലന്‍ഡ് നേരിട്ടതെന്ന് വെളിപ്പെടുത്തില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് ന്യൂസിലന്‍ഡ് രണ്ടു പതിറ്റാണ്ടോളമായി പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നത്.