സന്തോഷ് ട്രോഫി താരം അസീം കൊറളിയാടൻ വാഹനാപകടത്തിൽ മരിച്ചു

അപകടം കോയമ്പത്തൂരിൽ വച്ച്
 | 
santhosh trophy

ദേശീയ തലത്തിൽ ശ്രദ്ധേയനായ ഫുട്ബോൾ താരം അസീം കൊറളിയാടൻ (45) കോയമ്പത്തൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു. അരീക്കോട് പുത്തലം അമ്പലപ്പടിയിലെ പൊതുദർശനത്തിനു ശേഷം കബറടക്കം വ്യാഴാഴ്ച വൈകിട്ട് മൈത്ര പള്ളിയിൽ. 

കൊറളിയാടൻ മുസാൻകുട്ടിയുടെയും കട്ടാട്ടെ സൈനബയുടെയും മകനാണ്. ഭാര്യ: വഹീദ. മക്കൾ: സിയ അസീം, ഇസ അസീം. പ്രശസ്ത ഫുട്‌ബോളറും കോച്ചുമായ അനീസ് കൊറളിയാടന്റെ ഇരട്ട സഹോദരനാണ് അസീം. അണ്ടർ 21 കേരള ടീം അംഗമായിരുന്നു. 2005-06ൽ വാസ്‌കോ ഗോവയ്ക്കു വേണ്ടിയാണ് ആദ്യമായി ക്ലബ് മത്സരത്തിൽ രംഗത്തിറങ്ങുന്നത്. തുടർന്ന് 2006-07 സീസണിൽ സാൽഗോക്കർ ഗോവയുടെയും 2007-2009ൽ മുംബൈ എഫ്‌സിയുടെയും ഭാഗമായി. 

2009-10 സീസണിൽ മഹീന്ദ്ര യുണൈറ്റഡിന്റെ ഭാഗമായി കളിക്കളത്തിലിറങ്ങിയ അസീം 2010-11 സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി രംഗത്തിറങ്ങി. 2013-ൽ തമിഴ്‌നാടിനും 2010-ൽ മഹാരാഷ്ട്രയ്ക്കും വേണ്ടി സന്തോഷ് ട്രോഫി മത്സരത്തിൽ കളിച്ചു. എംഇഎസ് മമ്പാട് കോളജിലൂടെ കാലിക്കറ്റ് സർവകലാശാല ടീമിലേക്കും തുടർന്ന് മലപ്പുറം ജില്ലാ ടീമിലും എത്തി. ഒൻപതു സീസണുകളിൽ ഐ ലീഗിൽ കളിച്ച അസീം, ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ വിവിധ ക്ലബുകളെ പ്രതിനിധീകരിച്ചു.