ചൈന മാസ്റ്റേഴ്സിൽ സാത്വിക്-ചിരാഗ് സഖ്യത്തിന് വിജയം
ചൈന മാസ്റ്റേഴ്സ് സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ കന്നിക്കിരീടം സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പർ സഖ്യം. ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പുരുഷ ഡബ്ൾസ് ഫൈനലിൽ ചൈനയുടെ ഹീ ജി ടിങ്-റെൻ സിയാങ് യു ജോടിയെയാണ് സാത്വിക് സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും 10 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ, ആദ്യ ഗെയിം നഷ്ടമായ ശേഷം 11-21, 21-13, 21-17 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ തകർപ്പൻ വിജയം.
ചൈന മാസ്റ്റേഴ്സിൽ മൂന്നാം തവണ ഫൈനലിൽ കളിച്ച സാത്വിക്-ചിരാഗ് ജോടി ഒടുവിൽ കിരീട വരൾച്ചക്ക് വിരാമമിട്ടു. 2023, 2025 വർഷങ്ങളിൽ ഇവർ റണ്ണേഴ്സ് അപ് ആയിരുന്നു. ഈ സീസണിൽ ഇന്ത്യൻ സഖ്യം നേടുന്ന രണ്ടാമത്തെ വലിയ കിരീടമാണിത്. നേരത്തേ ഇവർ സിംഗപ്പൂർ ഓപൺ സൂപ്പർ 750 കിരീടവും സ്വന്തമാക്കിയിരുന്നു.
