സെർജിയോ അഗ്യൂറോക്ക് ഇനി ഫുട്ബോൾ കളിക്കാനാകില്ലെന്ന് റിപ്പോർട്ട്; വിരമിക്കാനൊരുങ്ങി താരം

ബാഴ്സലോണയുടെ അർജന്റീനിയൻ താരം സെർജിയോ അഗ്യൂറോക്ക് ഇനി ഫുട്ബോൾ കളിക്കാനാവില്ലെന്ന് റിപ്പോർട്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരത്തോട് ഇനി ഫുട്ബോൾ കളിക്കരുതെന്നാണ് വിദ്ഗദ പരിശോധനക്ക് ശേഷം മെഡിക്കൽ സംഘം നിർദേശിച്ചത്. ഇതേ തുടർന്ന് താരം ഫുട്ബോളിൽ നിന്നും വിരമിക്കനായി ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തേയും ഉയർന്ന ഗോൾ സ്കോററായ അഗ്യൂറോ ഈ സീസണിലാണ് ക്ലബ്ബുവിട്ട് ഫ്രീ ഏജന്റായി ബാഴ്സയിൽ ചേർന്നത്. അലാവേസിനെതിരെ, ബാഴ്സക്കു വേണ്ടി ആദ്യമായി പ്ലെയിംഗ് ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ തന്നെ അദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ വരികയും കളിക്കളത്തിൽ നിന്നും പുറത്തു പോകുകയും ചെയ്തിരുന്നു. പിന്നീട് നടന്ന പരിശോധനകളെ തുടർന്നാണ് ഇത്തരമൊരു നിർദേശം ഡോക്ടർമാർ നൽകിയത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വിചാരിച്ചതിലും വലുതാണെന്നും തുടർന്ന് കളത്തിലിറങ്ങുന്നത് ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്നും ഡോക്ടർമാർ പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അത്‍ലറ്റിക്കോ ഇന്റിപെന്റിയന്റെയിലൂടെ കളി തുടങ്ങിയ അഗ്യൂറോ 2006ൽ അത്‍ലറ്റിക്കോ മാഡ്രിഡിൽ എത്തി. 175 മത്സരങ്ങളിൽ നിന്നായി 74 ഗോളുകൾ നേടി. പിന്നീട് 2011ൽ മാഞ്ചസ്റ്റർ സിറ്റിയിൽ. സ്ക്കൈ ബ്ലൂ ജേഴ്സിയിൽ 275 മത്സരങ്ങൾ 184 ഗോളുകൾ. ക്ലബ്ബിന്റെ എക്കാലത്തേയും മികച്ച ഗോൾ സ്കോറർ. എന്നാൽ അതിലുമപ്പുറം ഏതൊരു സിറ്റി ആരാധകനും ഓർത്തിരിക്കുക 2011-12ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ ക്വൂ.പി.ആറിനെതിരെ 97ാം മിനിറ്റിൽ നേടിയ വിജയ ഗോളാണ്. യുണൈറ്റഡിനെ പിന്തള്ളി സിറ്റിക്ക് 1968 ശേഷം കപ്പ് നേടാനായത് അഗ്യൂറയുടെ ആ ഗോളിലാണ്. അതിനുശേഷം എത്രയോ തവണ സിറ്റിയെ നിർണ്ണായക ഘട്ടങ്ങളിൽ വിജയിപ്പിച്ചത് അഗ്യൂറോയും ഗോളുകളാണ്.
അർജന്റീനക്കായി 101 മത്സരങ്ങൾ കളിച്ച അഗ്യൂറോ 41 ഗോളുകളും നേടി. ലയണൽ മെസിയുടെ സമപ്രായക്കാരനും സഹമുറിയനുമായിരുന്ന കുൻ അഗ്യൂറോ ബൂട്ടഴിക്കുമ്പോൾ ഫുട്ബോൾ പ്രേമികൾക്ക് നഷ്ടമാകുന്നത് മനോഹരമായ നിരവധി ഗോളുകളാണ്.