സെർജിയോ അ​ഗ്യൂറോ മൂന്ന് മാസത്തേക്ക് കളത്തിലിറങ്ങില്ല; ആരോ​ഗ്യസ്ഥിതി തൃപ്തികരമെന്ന് ബാഴ്സിലോണ

കുടുതൽ പരിശോധനകൾ വേണ്ടിവന്നേക്കും. ശനിയാഴ്ച്ചയാണ് ഡിപ്പോർട്ടീവ അലാവേസുമായുള്ള മത്സരത്തിനിടയിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടിനെ തുടർന്ന് അ​ഗ്യൂറോയെ ആശുപത്രിയിലാക്കിയത്
 | 
aguero

ബാഴ്സിലോണയു‌ടെ അർജന്റീന താരം സെർജിയോ അ​ഗ്യൂറോക്ക് മൂന്ന് മാസത്തേക്ക് കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരും. കാർഡിയാക്ക് പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ അ​ഗ്യൂറോയോട് വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാഴ്സിലോണ വാർത്താകുറിപ്പ് അറിയിച്ചു. താരത്തിന്റെ ആരോ​ഗ്യസ്ഥിതി തൃപ്തികരമാണെന്നും ക്ലബ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഡിപ്പോർട്ടീവ അലാവേസുമായുള്ള മത്സരത്തിനിടയിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടിനെ തുടർന്ന് അ​ഗ്യൂറോയെ ആശുപത്രിയിലാക്കിയത്. അ​ഗ്യൂറോക്ക് വിശദമായ കാർഡിയാക്ക് പരിശോധനയും അതിനനുസൃതമായ ചികിത്സകളും ആവശ്യമുണ്ടെന്നാണ് അറിയുന്നത്.

ഈ സീസണിലാണ്  ഫ്രീ ട്രാൻസ്ഫറിൽ അ​ഗ്യൂറോ സിറ്റിയിൽ നിന്നും ക്യാമ്പ് നൗവിലേക്ക് എത്തിയത്. സ്റ്റാർട്ടിം​ഗ് ഇലവനിലെ ആദ്യ മത്സരമായിരുന്നു ശനിയാഴ്ച്ച നടന്നത്. 41 മിനിറ്റിന് ശേഷം ​ഗ്രൗണ്ടിൽ തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് അദേഹത്തെ മാറ്റേണ്ടി വന്നു. 
ശ്വസമെടുക്കാൻ ബുദ്ധിമുട്ടും നെഞ്ചിൽ അസ്വസ്ഥതകളും അനുഭവപ്പെട്ടാണ് ​അ​ഗ്യൂറോ കളം വിട്ടത്. 

 "സെർജിയോ അഗ്യൂറോയെ ഡോ. ജോസെപ് ബ്രൂഗഡ രോഗനിർണയത്തിനും ചികിത്സാ പ്രക്രിയയ്ക്കും വിധേയനാക്കി. കുറച്ചു നാളത്തേക്ക് അ​ദേഹം കളിക്കില്ല, അടുത്ത മൂന്ന് മാസത്തിനുള്ളിൽ ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്തുകയും തുടർന്നുള്ള കാര്യങ്ങൾ ർണ്ണയിക്കുകയും ചെയ്യും''. ബാഴ്സ വാർത്താകുറിപ്പിൽ അറിയിച്ചു.

കാറ്റലോണിയയിലേക്ക് മാറിയതിന് ശേഷം അഗ്യൂറോയ്ക്ക് പരിക്കുകളായിരുന്നു. ഓഗസ്റ്റിൽ വലത് കാലിൽ പരിക്കേറ്റിരുന്നു.  ഇത് അദ്ദേഹത്തെ 10 ആഴ്‌ചത്തേക്ക് മാറ്റിനിർത്തി. പിന്നീട് പരിക്കുമാറി കളിക്കാൻ വന്നപ്പോഴാണ് ഈ പ്രതിസന്ധി.