ആറു വിക്കറ്റ് വിജയം; ഇന്ത്യക്ക് പരമ്പര
അഭിഷേക് ശർമ വൈഭവ് സൂര്യവംശിയും ഒരുമിച്ചു ചേർന്നാൽ എന്തു സംഭവിക്കുമെന്നതിന് ഇതിലും മികച്ചൊരു ഉത്തരമില്ല. 2.2 ഓവറിൽ 50, അഞ്ചോവറിൽ 100, പവർപ്ലേയിൽ 118 ഇതെല്ലാം ന്യൂസീലൻഡിനെതിരായ ഒറ്റ ഇന്നിങ്സിൽ ഇന്ത്യൻ ഓപ്പണർമാർ അടിച്ചിട്ട റെക്കോർഡുകളാണ്. വെല്ലിങ്ടനിൽ ആറു വിക്കറ്റ് വിജയവുമായി ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര 3–0ന് സ്വന്തമാക്കി ഇന്ത്യ. രണ്ടു മത്സരങ്ങൾ ബാക്കിയുള്ളപ്പോഴാണ് ആതിഥേയരെ പരമ്പര തോൽവിയിലേക്ക് ഇന്ത്യ തള്ളിവിട്ടത്. ന്യൂസീലൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യത്തിലേക്ക് 13.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയെത്തിയത്.
38 പന്തുകൾ നേരിട്ട ഓപ്പണർ അഭിഷേക് ശർമ 113 റൺസെടുത്തു. 11 സിക്സുകളും ഒൻപതു ഫോറുകളുമാണ് അഭിഷേക് ബൗണ്ടറി കടത്തിയത്. കൗമാര താരം വൈഭവ് സൂര്യവംശി 19 പന്തിൽ നാലു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 45 റൺസെടുത്തു. 2.2 ഓവറുകളിലാണ് ഇന്ത്യ 50 പിന്നിട്ടത്. ട്വന്റി20 ക്രിക്കറ്റിലെ റെക്കോർഡാണിത്. മുൻപ് പാപ്പുവ ന്യൂ ഗിനിയ, റൊമാനിയ, മലേഷ്യ തുടങ്ങിയ ടീമുകളും 2.2 ഓവറിൽ 50 ൽ എത്തിയിട്ടുണ്ട്. പക്ഷേ ടെസ്റ്റ് പദവിയുള്ള ടീം ആദ്യമായാണ് ഇത്രയും വേഗത്തിൽ 50 പിന്നിടുന്നത്. അഞ്ചോവറുകളിൽ ഇന്ത്യ 100 ൽ എത്തി. ഇതും റെക്കോർഡാണ്. ട്വന്റി20യിലെ ആദ്യ അഞ്ചോവറുകളിലെ ഒരു ടീമിന്റെ ഉയർന്ന സ്കോറാണിത്. പവർപ്ലേയിൽ ഇന്ത്യ നേടിയ 118 റൺസും ലോക റെക്കോർഡാണ്. ഓപ്പണിങ് വിക്കറ്റിൽ 133 റൺസാണ് അഭിഷേകും വൈഭവും ചേർന്നു കൂട്ടിച്ചേർത്തത്.
