സ്മൃതി മന്ദാനക്ക് ഹോങ്കോങ്ങിനെതിരെ തകർപ്പൻ സെഞ്ച്വറി
വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ മിതാലി രാജിനെ പിന്തള്ളി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്മൃതി മന്ദാന. വനിതാ ഏഷ്യാ കപ്പ് മത്സരത്തിൽ 18ാം ഓവറിൽ ഹോങ്കോങ്ങിന്‍റെ രുചിത വെങ്കെടേഷിനെതിരെ കൂറ്റൻ സിക്സർ പറത്തി 113 റൺസിലെത്തിയപ്പോഴാണ് മന്ദാന ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഓപണറായി കളത്തിലെത്തി 20ാം ഓവർ വരെ ആക്രമിച്ചു കളിച്ച സ്മൃതി മന്ദാന 64 പന്തിൽ ഏഴ് സിക്സും 14 ബൗണ്ടറിയും പറത്തിയാണ് 124 റൺസെടുത്താണ് പുറത്തായത്.
വനിതാ ട്വന്‍റി20 ഏഷ്യാ കപ്പിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. ട്വന്‍റി20യിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും മന്ദാന സ്വന്തമാക്കി. വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ (18 എണ്ണം) നേടിയ റെക്കോഡും മന്ദാനയുടെ പേരിലായി. ആസ്ട്രേലിയൻ ഇതിഹാസം മെഗ് ലാനിങ്ങിനെയാണ് (17 സെഞ്ച്വറികൾ) മന്ദാന പിന്തള്ളിയത്. മന്ദാനയുടെ വെടിക്കെട്ട് സെഞ്ച്വറി മികവിൽ ഹോങ്കോങ്ങിനെതിരെ 137 റൺസിനാണ് ഇന്ത്യ ജയിച്ചുകയറിയത്.
